'ഭാഗ്യമോ പ്രാർത്ഥനയോ, അപകടമരണം സംഭവിച്ചില്ല'; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി സന്തോഷ് കീഴാറ്റൂർ

'ജനങ്ങളാണ് സർക്കാർ, സമയം കുറവാണ് എന്ന് പറഞ്ഞ് കൊണ്ടുള്ള മത്സര ഓട്ടം കെഎസ്ആര്‍ടിസി എങ്കിലും മതിയാക്കണം'

dot image

ബസുകളിലെ അമിതവേഗം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതിയുമായി നടൻ സന്തോഷ് കീഴാറ്റൂർ. കണ്ണൂരിലേക്ക് സ്വകാര്യ ബസിലും തിരികെ കെഎസ്ആർടിസി ബസിലും യാത്ര ചെയ്യവേ അമിതവേഗം മൂലമുണ്ടായ ദുരനുഭവം പങ്കുവെച്ചാണ് നടൻ പരാതി എഴുതിയിരിക്കുന്നത്. അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും മൂലം അപകടങ്ങൾ ഉണ്ടാകുന്നു എന്നും നടൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

സന്തോഷ് കീഴാറ്റൂരിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയും ഗതാഗതവകുപ്പ് മന്ത്രിയും അറിയാൻ. കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് ഒരു പ്രൈവറ്റ് ബസിൽ യാത്ര ചെയ്തിരുന്നു. ഭാഗ്യമാണോ, അമ്മയുടെയും അച്ഛന്‍റെയും പ്രാർത്ഥനയാണോ, അല്ല മറ്റ് എന്തെങ്കിലും അത്ഭുതമാണോ എന്നറിയില്ല. അപകട മരണം സംഭവിച്ചില്ല.

അത്രയും വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും, മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്ത മുതലാളിക്ക് വേണ്ടി പണി എടുക്കുന്ന സൈക്കോ കൊലയാളികളായി ചില ഡ്രൈവർമാർ ഇപ്പോഴും നമ്മുടെ നിരത്തുകളിൽ പരിലസിക്കുകയാണ്. കണ്ണൂരിൽ നിന്നും തിരിച്ച് കെഎസ്ആര്‍ടിസി ബസിലാണ് യാത്ര ചെയ്തത്. പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന് പറഞ്ഞത് പോലെ അതുക്കും മേലെ സൈക്കോ ജീവനക്കാർ.

ഈ കത്ത് എല്ലാ ബസ് ജീവനക്കാരെയും കുറ്റപ്പെടുത്തുന്നതല്ല. മാന്യമായി തൊഴിൽ ചെയ്യുന്നവരും ഉണ്ട് ഇവർക്ക് കളങ്കം വരുത്തുന്നത് കുറച്ച് സൈക്കോ ജീവനക്കാരാണ് ഇവരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടു വരണം. ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഇപ്പഴും പാട് പെടുന്നവർക്ക് നമ്മുടെ പൊതുഗതാഗതം നല്ല സൗകര്യങ്ങൾ ചെയ്തു തരണം.

ജനങ്ങളാണ് സർക്കാർ. സമയം കുറവാണ് എന്ന് പറഞ്ഞ് കൊണ്ടുള്ള മത്സര ഓട്ടം കെഎസ്ആര്‍ടിസി എങ്കിലും മതിയാക്കണം. കാറിൽ എപ്പഴും യാത്ര ചെയ്യാൻ പറ്റില്ല, മനുഷ്യൻമാരെ കണ്ടും, ചുറ്റു പാടുകളെ കണ്ടും പൊതു ഗതാഗത സൗകര്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന്‍റെ അപേക്ഷയാണിത്.

Content Highlights: Santhosh Keezhattoor open letter to Chief minister and Transport minister on the over speeding of buses

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us