കാട്ടാന ആക്രമിച്ച് യുവാവിന്റെ മരണം; വണ്ണപ്പുറം പഞ്ചായത്തില്‍ നാളെ എന്‍ഡിഎ ഹര്‍ത്താല്‍

അമര്‍ ഇലാഹി എന്ന 24കാരനായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്

dot image

ഇടുക്കി: ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തില്‍ നാളെ എന്‍ഡിഎ ഹര്‍ത്താല്‍. മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹി എന്ന 24കാരനായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്. തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അമര്‍ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

യുവാവ് മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് പ്രതികരിച്ചിരുന്നു. വന്യജീവി ആക്രമണത്തെ ഗൗരവമായി വനംവകുപ്പ് കാണണമെന്നും ജനജീവിതം സംരക്ഷിക്കാനുള്ള ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും സി വി വര്‍ഗീസ് കുറ്റപ്പെടുത്തി.

വളരെ നാളുകളായി മുള്ളരിങ്ങാട് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായിട്ട്. കാട്ടാനകള്‍ നാട്ടിലേക്കിറങ്ങുന്നതും വിളകള്‍ നശിപ്പിക്കുന്നതും പതിവാണ്. പലപ്പോഴും ജനങ്ങള്‍ രാത്രികാലങ്ങളില്‍ വന്യമൃഗ ശല്യം ഭയന്ന് പുറത്തിറങ്ങാറില്ല. കൃഷി ഇറക്കാനും ജനങ്ങള്‍ക്ക് ഭയമാണ്. കാട്ടാന മാത്രമല്ല, കാട്ടുപന്നിയും കുരങ്ങനും നാട്ടുകാര്‍ക്ക് ശല്യമായി മാറിയിരിക്കുകയാണ്. നേര്യമംഗലം വനമേഖലയില്‍ നിന്നാണ് കാട്ടാനകള്‍ എത്തുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്.

കാടിനോട് ചേര്‍ന്നായിരുന്നു അമര്‍ ഇലാഹിയുടെ വീട്. ഏകദേശം മൂന്ന് മണിയോടെയായിരുന്നു അപകടം എന്നാണ് വിവരം. വീടിനടുത്ത് വെറും 300 മീറ്റര്‍ മാത്രം അകലെയായിരുന്നു അമല്‍ ഇലാഹിയെ കാട്ടാന ആക്രമിച്ചത്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കി താത്കാലികമായി ഒരു ജോലി ചെയ്ത് വരികയായിരുന്നു അമര്‍. കൂടെയുണ്ടായിരുന്ന ആള്‍ പറഞ്ഞാണ് സംഭവം പുറംലോകമറിഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചിരുന്നു.

Content Highlight: tomorrow NDA hartal in Vannapuram Panchayat due to elephant attack death

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us