കൊച്ചി: കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചുണ്ടായ ഉയരത്തില്‍ നിന്നുള്ള വീഴ്ചയെ തുടര്‍ന്ന് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയെ വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റിയെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. അപകടനില തരണം ചെയ്തു എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ അതീവ ഗുരുതരാവസ്ഥയിലല്ലെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിലെ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. വിശദമായ മെഡിക്കല്‍ ബുള്ളറ്റിന്‍ നാളെ രാവിലെ 10.30ന് പുറത്തിറക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.
ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടിരുന്നു. തലയുടെ പരിക്ക് ഗുരുതരമാണെങ്കില്‍കൂടി അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോ. മിഷാല്‍ ജോണി അറിയിച്ചു.
ആശുപത്രിയിലെത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്ന ഉമാ തോമസിന്റെ ജിഡിഎസ് സ്‌കോര്‍ 8 ആയിരുന്നു. അടിയന്തിരമായി രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും എക്‌സ്‌റേ, സി ടി സ്‌കാന്‍ എന്നിവയടക്കമുള്ള വിദഗ്ധ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. സി ടി സ്‌കാനില്‍ തലക്ക് ഗ്രേഡ് 2 ഡിഫ്യൂസ് ആക്‌സോണല്‍ ഇന്‍ജുറി ഉള്ളതായി കണ്ടെത്തി. കൂടാതെ സെര്‍വിക്കല്‍ സ്‌പൈനിലും പരിക്കുകള്‍ കണ്ടെത്തി. വീഴ്ചയുടെ ആഘാതത്തില്‍ മുഖത്തും വാരിയെല്ലുകള്‍ക്കും ഒടിവുകള്‍ സംഭവിക്കുകയും ചെയ്തിട്ടുള്ളതിനാല്‍ ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടാകുകയും ചെയ്തിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.
റിനൈ മെഡിസിറ്റിയിലെ ന്യൂറോ സര്‍ജന്‍ ഡോ. മിഷാല്‍ ജോണി, ഓര്‍ത്തോപീഡിക് സര്‍ജറി വിഭാഗത്തിലെ ഡോ. ബാബു ജോസഫ്, ഡോ. ജെസ്സീല്‍, ജനറല്‍ ആന്റ്' ലാപ്പറോസ്‌കോപ്പിക് സര്‍ജറി വിഭാഗത്തിലെ ഡോ. രാഹുല്‍ ചന്ദ്രന്‍, കാര്‍ഡിയോളജിസ്റ്റ് ഡോ രഞിജുകുമാര്‍ ബി. സി, ഒഫ്താല്‍മോളജി വിഭാഗത്തിലെ ഡോ. രേഖ ജോര്‍ജ്ജ്, ഇ.എന്‍.ടി സര്‍ജന്‍ ഡോ. പൂജ പ്രസാദ്, ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ഗൗതം ചന്ദ്രന്‍, പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. മധു കെ. എസ്, മെഡിക്കല്‍ ഡയറക്ടറും ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലി സ്റ്റുമായ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രോഗിയെ ചികിത്സിക്കുന്നത്.
നിലവില്‍ രോഗി തീവ്ര പരിചരണവിഭാഗത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സക്കും വിധേയയായിക്കൊണ്ടിരിക്കുകയാണ്. തലയുടെ പരിക്ക് ഗുരുതരമാണെങ്കില്‍കൂടി അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോ. മിഷാല്‍ ജോണി അറിയിച്ചു. പ്രാഥമികമായി എടുത്ത സി ടി സ്‌കാനില്‍ അസ്ഥികള്‍ക്ക് ഗുരുതരമായ ഒടിവുകള്‍ ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മുറിവുകള്‍ക്ക് തുന്നലുകളുള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് ശേഷം തീവ്രപരിചരണവിഭാഗത്തിലുള്ള രോഗിയുടെ പുരോഗതി 24 മണിക്കൂര്‍ നേരത്തെ നിരീക്ഷണത്തിന് ശേഷമേ പറയുവാന്‍ സാധിക്കുകയുള്ളൂവെന്നും മെഡിക്കല്‍ ബുള്ളറ്റിലിനില്‍ പറയുന്നു.
Content Highlights: Uma Thomas shifted to ICU; The medical director said that She is not in a critical condition