ന്യൂഡൽഹി: വിദ്യാഭ്യാസത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞവരാണ് മലയാളികളെന്നും കേരളം എന്നും രാജ്യത്തിന് പ്രചോദനമാകണമെന്നും കേരള മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാഭ്യാസം നൽകാൻ വീട് വിറ്റും അത് ഉറപ്പാക്കുന്ന സമൂഹമാണ് കേരളം. തൻ്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കേരളത്തിനുണ്ട്. ഈ ബന്ധം ജീവിതകാലം മുഴുവൻ തുടരും. എല്ലാ മലയാളികൾക്കും ഗവർണർ ആശംസകളും നേർന്നു. എല്ലായിടത്തും തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചവരാണ് മലയാളികളെന്ന് പറഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ കേരളവുമായുള്ള ബന്ധം തുടരുമെന്നും കൂട്ടിച്ചേർത്തു.
കേരള ഹൗസിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് അദ്ദേഹം ജീവനക്കാരുമായി ഫോട്ടോ സെഷൻ നടത്തി. കേരള സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഗവർണറെ കണ്ട് യാത്ര പറഞ്ഞു. വ്യക്തിപരമായ ബന്ധത്തിൻ്റെ ഭാഗമായാണ് ഗവർണറെ കണ്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. താനിപ്പോൾ ഡൽഹിയിലാണ്. സർക്കാർ യാത്രയയപ്പ് നൽകാത്തത് നാട്ടിൽ ചോദിക്കണം. ഗവർണറുമായി തനിക്ക് ദീർഘകാല ബന്ധമുണ്ടെന്നും കെ വി തോമസ് പ്രതികരിച്ചു.
ആരിഫ് മുഹമ്മദ് ഖാന് ബിഹാറിലേക്കാണ് മാറ്റം ലഭിച്ചിരിക്കുന്നത്. പകരം കേരളത്തിലേക്കെത്തുന്നത്
ഗോവ ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേകറാണ്. ജനുവരി രണ്ടിനാണ് ആർലേക്കറുടെ സത്യപ്രതിജ്ഞ.
Content Highlights: Governor Arif Mohammed Khan says will continue the connection with kerala