തിരുവനന്തപുരം: തനിക്കെതിരെ സിപിഐഎം പരാതിയിൽ പൊലീസ് കേസെടുത്തിരിക്കുന്നത് താനറിയുന്നത് ചാനൽ വഴിയാണെന്ന് ബിജെപിയിൽ ചേർന്ന സിപിഐഎം മുൻ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി. സമ്മേളനവുമായി ബന്ധപ്പെട്ട് 7 ലക്ഷം രൂപ പോയെന്നാണ് ആദ്യം പറഞ്ഞതെന്നും അത് ഡിവൈഎസ്പിയുടെ മുന്നിലെത്തിയപ്പോൾ ഒരു ലക്ഷം രൂപയായി കുറഞ്ഞുവെന്നും മധു മുല്ലശ്ശേരി റിപ്പോർട്ടറിനോട് പറഞ്ഞു.
സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെയും മധു മുല്ലശ്ശേരി തുറന്നടിച്ചു. ജില്ലാ സെക്രട്ടറിയുടെ വേലകളാണ് നടക്കുന്നതെന്നായിരുന്നു മധു മുല്ലശ്ശേരിയുടെ പ്രതികരണം. താൻ പാർട്ടിയിൽ നിന്ന് പോയതിന് ശേഷം ജില്ലാ സെക്രട്ടറിക്ക് വട്ടായി എന്നാണ് തോന്നുന്നത്. ജില്ലാ സെക്രട്ടറിയുടെ സകല ബോധവും പോയി. താൻ ഒരു രൂപയും കൊടുക്കാനില്ല. സമ്മേളനവുമായി ബന്ധപ്പെട്ട് താൻ ഒരു രൂപയും പിരിച്ചിട്ടില്ല. സമ്മേളനത്തിൻ്റെ കൺവീനറായോ ചെയർമാനായോ താൻ പ്രവർത്തിച്ചിരുന്നില്ലെന്നും മധു മുല്ലശ്ശേരി വ്യക്തമാക്കി.
പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറിമാരിൽ നിന്ന് താൻ പൈസ പിരിച്ചിരുന്നുവെന്നും മധു മുല്ലശ്ശേരി പറഞ്ഞു. 2,97,000 രൂപയാണ് തനിക്ക് അന്ന് ലഭിച്ചത്. ഇക്കാര്യം ഡിവൈഎസ്പിയുടെ മുന്നിൽ വ്യക്തമാക്കിയിരുന്നു. ലഭിച്ച പൈസ മുഴുവനും സമ്മേളനത്തിനായി വിനിയോഗിച്ചിട്ടുണ്ട്. താൻ സിപിഐഎമ്മിൽ നിന്ന് മാറി ബിജെപിയിൽ ചേർന്നതാണ് സിപിഐഎമ്മിൻ്റെ പ്രശ്നമെന്നും മധു മുല്ലശ്ശേരി പറഞ്ഞു.
മറ്റ് പാർട്ടികളിൽ നിന്ന് സിപിഐഎമ്മിലേക്ക് എത്തുന്നവർ അവർക്ക് നല്ലവരാണ്. എന്നാൽ ബിജെപിയിലേക്ക് പോയ താൻ അവർക്ക് മോശക്കാരനാണെന്നും മധു മുല്ലശ്ശേരി പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്തും എ പി അനിൽകുമാറുമൊക്കെ അവർക്ക് കൊള്ളാം. സിപിഐഎമ്മിൽ നിന്ന് പോകുന്നവരെ എങ്ങനെ മോശക്കാരൻ ആക്കാം എന്നാണ് അവർ ലക്ഷ്യമിടുന്നത്. പാർട്ടിയിലെ നേതാക്കൾ പൊലീസിനെ സമ്മർദ്ദം ചൊലുത്തിയാണ് കേസെടുപ്പിച്ചത്. താൻ ബിജെപിയിലേക്ക് പോയതിൽ സിപിഐഎം ഭയക്കുന്നുണ്ട്. ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിൽ ബിജെപിക്ക് വലിയ വളർച്ചയാണ് ഉണ്ടായത്. ഇതെല്ലാം മനസിലാക്കിക്കൊണ്ടാണ് താൻ ബിജെപിയിൽ നിൽക്കാൻ തീരുമാനിച്ചത്. വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഈ പ്രദേശത്ത് വലിയ മാറ്റം ഉണ്ടാകും. കേസ് കൊടുത്തതുമായി ബന്ധപ്പെട്ട് ബിജെപിയുടെ ജില്ലാ നേതൃത്വവുമായി കൂടി ആലോചിച്ചിട്ടുണ്ട്. കേസിനെ നിയമപരമായി നേരിടുമെന്നും മധു മുല്ലശ്ശേരി പറഞ്ഞു.
പാരിതോഷികം നൽകി പദവിയിലെത്തിയതിൻ്റെ ഉദാഹരണമാണ് മധുവെന്ന വി ജോയിയുടെ ആരോപണത്തിനെതിരെയും മധു മുല്ലശ്ശേരി പ്രതികരിച്ചു. പെട്ടിയും കൊണ്ടുപോയത് താനല്ല, ജോയ് ആയിരിക്കും. ജോയിയുടെ മുന്നിൽ പെട്ടിയും കൊണ്ട് പോകാൻ എന്ത് സാഹചര്യം ആണ് തനിക്കുള്ളത് ? പാർട്ടിയിൽ നിന്ന് പോയവരെ ഇല്ലാ കഥകൾ പറഞ്ഞ് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. കഷ്ടപ്പെട്ട് പണം സമ്പാദിച്ച വ്യക്തിയാണ് താൻ. ഒരു രൂപ പോലും പാർട്ടിയിൽ നിന്ന് അലവൻസ് എടുത്തല്ല താൻ പ്രവർത്തിച്ചത്. നിരവധി കേസുകളിൽ പ്രതിയായി താൻ ഗൾഫിലേക്ക് പോയതാണ്. പെട്ടി കൊടുത്തിട്ടാണോ ജോയ് ജില്ലാ സെക്രട്ടറി ആയതെന്നും മധു മുല്ലശ്ശേരി ചോദിച്ചു. പെട്ടികൊടുത്ത ഒരു സുപ്രഭാതത്തിൽ പാർട്ടി നേതാവായ ആളല്ല താൻ. അത് ജോയ് ആയിരിക്കുമെന്നും മധു മുല്ലശ്ശേരി പറഞ്ഞു.
content highlight- 'After I left the party, the district secretary seems to have lost it'; Madhu Mullassery