പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നേതൃമാറ്റം. രാജു എബ്രഹാമിനെ സിപിഐഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി പാനലിൽ ആറ് പേരെ പുതുതായി ഉൾപ്പെടുത്തി.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസ്സാം, ഇരവിപേരൂർ ഏരിയ സെക്രട്ടറി ടി കെ സുരേഷ്കുമാർ എന്നിവർ പാനലിൽ ഇടംനേടി. പി കെ എസ് ജില്ലാ സെക്രട്ടറി സി എം രാജേഷ്, കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടി വി സ്റ്റാൻലിൻ, തിരുവല്ലാ മുൻ ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണി, മലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ചന്ദ്ര മോഹൻ എന്നിവരും പാനലിലുണ്ട്. അതിനിടെ കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശ്രീധരനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. കൊടുമൺ ഓട വിഷയത്തിൽ മന്ത്രി വീണാ ജോർജ്ജിൻ്റെ ഭർത്താവിനെതിരെ കെ കെ ശ്രീധരൻ പ്രസ്താവന നടത്തിയിരുന്നു.
സമവായത്തിലൂടെയാണ് രാജു എബ്രഹാമിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. രാജു എബ്രഹാമിനെ ജില്ലാ സെക്രട്ടറിയാക്കുന്നതിനെ ആരും എതിർത്തില്ല. കെ പി ഉദയഭാനുവിന്റെ വിശ്വസ്തനായ ടി.ഡി ബൈജുവിന്റെ പേര് നിര്‍ദേശിച്ചാല്‍ ആർ. സനല്‍കുമാറിനെ മത്സരിപ്പിക്കാന്‍ നീക്കം ഉണ്ടായി. ഇതോടെ രാജു എബ്രഹാം ജില്ലാ സെക്രട്ടറിയാകട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. അഞ്ചുതവണ റാന്നി എംഎൽഎ ആയിരുന്നു രാജു എബ്രഹാം.
അതേസമയം, മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നവരെയും സിപിഐഎമ്മിലേക്ക് സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് പിന്നാലെ രാജു എബ്രഹാം പ്രതികരിച്ചു. ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെങ്കില്‍ അവരെ നേര്‍വഴിക്ക് നയിക്കും. യേശുക്രിസ്തു ഉദാഹരണമല്ലേ എന്നും രാജു എബ്രഹാം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് ലക്ഷ്യം. കെ പി ഉദയഭാനുവിനെപ്പോലെ അത്രയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. പരമാവധി പ്രവര്‍ത്തനം കാഴ്ചവെയ്ക്കുമെന്നും രാജു എബ്രഹാം പറഞ്ഞു. തര്‍ക്കങ്ങള്‍ ഇല്ലാതെയാണ് രാജു എബ്രഹാമിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതെന്ന് കെ പി ഉദയഭാനുവും പ്രതികരിച്ചു.
Content Highlights: raju abraham elected as cpim pathanamthitta district secretary