കൊച്ചിയില്‍ നൃത്തപരിപാടിക്കിടെ ഉണ്ടായ അപകടം; മുഖ്യസംഘാടകര്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

വ്യാഴാഴ്ച രണ്ടരയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നാണ് നിര്‍ദേശം

dot image

കൊച്ചി: കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടായ അപകടത്തില്‍ കര്‍ശന നടപടിയുമായി ഹൈക്കോടതി. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ ഉടമ എം നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവന്റ്സ് ഉടമ പിഎസ് ജെനീഷ് എന്നിവര്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച രണ്ടരയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നാണ് നിര്‍ദേശം. ഹൈക്കോടതി അവധിക്കാല സിംഗിള്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

ഇക്കഴിഞ്ഞ 28നാണ് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ നൃത്തപരിപാടി സംഘടിപ്പിച്ചത്. സിനിമാ താരം ദിവ്യ ഉണ്ണി, സിനിമാ, സീരിയല്‍ താരം ദേവി ചന്ദന അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്‌റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. എംഎല്‍എുടെ തലയ്ക്കും ശ്വാസകോശത്തിനും അടക്കം സാരമായി പരിക്കേറ്റിരുന്നു. നിലവില്‍ റിനൈ മെഡിസിറ്റിയില്‍ ചികിത്സയിലാണ് ഉമാ തോമസ് എംഎല്‍എ.

പൊലീസും ഫയര്‍ഫോഴ്‌സും പൊതുമരാമത്ത് വിഭാഗങ്ങളും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സ്റ്റേജ് നിര്‍മിച്ചത് അപകടകടമായി തന്നെയാണെന്നും അധികമായി നിര്‍മിച്ച ഭാഗത്തിന് ആവശ്യമായ ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിഐപി സ്റ്റേജിന് അടുത്തായി ആംബുലന്‍സ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ വൈകി. പരിശീലനം ലഭിക്കാത്തവരാണ് ഉമാ തോമസിനെ ആംബുലന്‍സിലേക്ക് മാറ്റിയതെന്നും താത്കാലികമായി യാതൊരു സുരക്ഷയും പാലിക്കാതെയാണ് സ്റ്റേജ് നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ സ്റ്റേജ് ഒരുക്കിയ മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷന്‍ സിഇഒ ഷെമീര്‍ അബ്ദുല്‍ റഹീം, ഓസ്‌കാര്‍ ഇവന്റ്‌സ് മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.

Content Highlights- Accused must be surrender on thursday hc on kaloor dance programme accident case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us