കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയെ ക്ഷേത്രാങ്കണത്തിൽ പ്രവേശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ പോസ്റ്റർ. കീഴുർ മഹാദേവ ക്ഷേത്രത്തിന്റെ പരിസരത്താണ് ഹിന്ദു ഐക്യവേദി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
കീഴുർ മഹാദേവ ക്ഷേത്രത്തിൽ നടന്ന ഉത്സവത്തിനിടെ കാനത്തിൽ ജമീല എംഎൽഎ ക്ഷേത്രം സന്ദർശിച്ചിരുന്നു. കൊടിയേറ്റ ദിവസമായ
ഡിസംബർ പത്തിന് ഉച്ചയ്‌ക്കായിരുന്നു എംഎൽഎ ക്ഷേത്രത്തിലേക്കെത്തിയത്. ട്രസ്റ്റി അംഗങ്ങള്‍ ക്ഷണിച്ചത് പ്രകാരം ഉച്ചയ്ക്ക് സദ്യ കഴിക്കാനായി എത്തിയ എംഎൽഎ ക്ഷേത്രമുറ്റത്തുകൂടെയാണ് ഊട്ടുപുരയിലേക്ക് പോയത്. ഇതാണ് ഹിന്ദു ഐക്യവേദിയെ പ്രകോപിപ്പിച്ചത്.
സംഭവത്തിൽ ക്ഷേത്ര ട്രസ്റ്റി ബോർഡിനെതിരെയാണ് ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരിക്കുന്നത്. 'കഠിന വ്രത ശുദ്ധിക്കും താന്ത്രികക്രിയകൾക്കും അതിപ്രാധാന്യമുള്ള കീഴുർ വാതിൽകാപ്പവറുടെ തിരുമുറ്റത്ത് ട്രേറ്റിന് ബോർഡ് നടത്തിയ ആചാരലംഘനത്തിൽ ഭക്തജനങ്ങൾ പ്രതിഷേധിക്കുക. എംഎൽഎയെ എഴുന്നള്ളിച്ച ട്രസ്റ്റി ബോർഡിന്റെ ധാർഷ്ട്യത്തിന്റെ പിന്നിലുള്ള താല്പര്യം എന്ത്' എന്നെഴുതിയ പോസ്റ്ററുകളാണ് ഹിന്ദു ഐക്യവേദി പതിച്ചിരിക്കുന്നത്.
എന്നാൽ ഹിന്ദുഐക്യവേദി ഉന്നയിച്ച ആരോപണങ്ങളെയെല്ലാം ക്ഷേത്ര ട്രസ്റ്റി ബോർഡ് തള്ളി. താന്ത്രിയോട് അനുമതി വാങ്ങിയതിന് ശേഷമാണ് കാനത്തിൽ ജമീല എംഎൽഎയെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചതെന്ന് ട്രസ്റ്റി ബോർഡ് അംഗങ്ങൾ വിശദീകരിച്ചു. വിഷയത്തിൽ വ്യക്തതകൾ വരുത്താൻ പ്രതിഷേധക്കാരുമായി യോഗം വിളിക്കുമെന്നും അവർ അറിയിച്ചു. എന്നാൽ എംഎൽഎ പ്രവേശിച്ച നടപടിയിൽ നിയമനടപടികളിലേക്ക് കടക്കാനാണ് ഹിന്ദു ഐക്യവേദിയുടെ തീരുമാനം.
Content Highlights: Hindu Aikyavedhi against Kanathil Jameela MLA