'ഇതെന്ത് രാഷ്ട്രീയം?; മര്യാദകേടിനും പരിധിയുണ്ട്'; സിപിഐഎമ്മിനും എം എം മണിക്കുമെതിരെ കെ കെ ശിവരാമന്‍

സാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണെന്നും ശിവരാമന്‍

dot image

തൊടുപുഴ: കട്ടപ്പനയില്‍ സഹകരണ ബാങ്കിന് മുന്നില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബു തോമസിന്റെ മരണത്തില്‍ സിപിഐഎമ്മിനും മുന്‍മന്ത്രി എം എം മണിക്കുമെതിരെ സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. ആവശ്യങ്ങള്‍ വരുമ്പോള്‍ പണം തിരിച്ചെടുക്കാനാണ് നിക്ഷേപിക്കുന്നതെന്നും സാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണെന്നും ശിവരാമന്‍ പറഞ്ഞു. ബാങ്ക് ഭരണസമിതി നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റേത് പക്വതയില്ലാത്ത പെരുമാറ്റമാണ്. ഇത് കേരളത്തിന് യോജിച്ചതാണോ എന്ന് അവര്‍ ചിന്തിക്കണമെന്നും കെ കെ ശിവരാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എം എം മണിയുടെ പ്രസംഗം സാബുവിനെയും കുടുംബത്തെയും വീണ്ടും വീണ്ടും കൊല്ലുന്ന തരത്തിലാണെന്നും ശിവരാമന്‍ പറഞ്ഞു. നിവൃത്തികേടുകൊണ്ട് ആത്മഹത്യ ചെയ്ത സാബു തോമസിനെ വെറുതെ വിടണ്ടേ? മര്യാദകേടിനും ഒരു പരിധിയുണ്ട്. സാബു തോമസ് ശവക്കല്ലറയില്‍ ശാന്തമായി ഉറങ്ങട്ടെ. സാബുവിന്റെ കുടുംബത്തെ വേട്ടയാടുന്ന ക്രൂരതയെങ്കിലും അവസാനിപ്പിക്കണം. ഇതെന്ത് രാഷ്ട്രീയമാണെന്ന് രാഷ്ട്രീയ യജമാനന്മാര്‍ പറയട്ടെയെന്നും കെ കെ ശിവരാമന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരാള്‍ തന്റെ ജീവിതം കൊണ്ടുണ്ടാക്കിയ മുഴുവന്‍ പണവും, താന്‍ ജീവന് തുല്യം സ്‌നേഹിച്ച പ്രസ്ഥാനം നിയന്ത്രിക്കുന്ന സഹകരണ ബാങ്കില്‍ നിക്ഷേപിക്കുന്നു. ആവശ്യങ്ങള്‍ വരുമ്പോള്‍ തിരിച്ചെടുക്കുന്നതിനാണല്ലോ ഇങ്ങനെ നിക്ഷേപിക്കുന്നത്. ബാങ്ക് ഭരണ സമിതിയുടെയും, ഭരണ സമിതി നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും പക്വത ഇല്ലാത്ത പെരുമാറ്റമാണ് സാബു തോമസിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. ബാങ്കില്‍ പണമില്ലെങ്കില്‍ അത് സാവധാനം പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് ചെയ്യേണ്ടത്. പകരം ഭീഷണിയാണ് നിക്ഷേപകരോട് പ്രയോഗിക്കുന്നത്. 'നിനക്ക് പണിയറിയില്ല, നിന്നെ പണി ഞാന്‍ പഠിപ്പിക്കാം, നീ അടികൊള്ളേണ്ട സമയം കഴിഞ്ഞു' എന്നാണ് ഒരു നേതാവ് പറയുന്നത്. ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ ചെന്ന പാവം നിക്ഷേപകനെ വിരട്ടുകയാണ്. ഇത് കേരളത്തിന് യോജിച്ചതാണോ എന്ന് അവര്‍ ആലോചിക്കട്ടെ. ഇക്കാര്യത്തില്‍ നിലപാട് വിശദീകരിക്കാന്‍ നടത്തിയ സമ്മേളനത്തില്‍ പ്രിയപ്പെട്ട ആശാന്‍ നടത്തിയ പ്രസംഗം ആത്മഹത്യ നടത്തിയ ആളെയും, ആ കുടുംബത്തെയും വീണ്ടും വീണ്ടും കൊല്ലുന്ന തരത്തിലാണ്. നിവൃത്തികേടുകൊണ്ട് ആത്മഹത്യ ചെയ്ത സാബു തോമസിനെ വെറുതെ വിടണ്ടേ, മര്യാദകേടിനും ഒരു പരിധി ഉണ്ട്. സാബു തോമസ് ശവക്കല്ലറയില്‍ ശാന്തമായി ഉറങ്ങട്ടെ, സാബുവിന്റെ കുടുംബത്തെ വേട്ടയാടുന്ന ക്രൂരതയെങ്കിലും അവസാനിപ്പിക്കണം. ഇതെന്ത് രാഷ്ട്രീയമാണെന്ന് രാഷ്ട്രീയ യജമാനന്മാര്‍ പറയട്ടെ.

സാബുവിന് എന്തെങ്കിലും മാനസിക പ്രശ്‌നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കണമെന്നായിരുന്നു എം എം മണിയുടെ വിവാദ പ്രസംഗം. സാബുവിന്റെ മരണത്തിന്റെ പാപഭാരം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെയ്ക്കാൻ ആരും ശ്രമിക്കേണ്ടെന്നും എം എം മണി പറഞ്ഞിരുന്നു. സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യവെയായിരുന്നു പരാമര്‍ശം.

Content Highlights- K K Sivaraman against m m mani and cpim on sabu thomas death

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us