കൊച്ചി: കൊച്ചിയിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് കല്യാണ്‍ സില്‍ക്‌സ്. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന് 12,500 സാരികള്‍ നിര്‍മിച്ച് നല്‍കിയെന്നും ഒരു സാരിക്ക് 390 രൂപ വീതമാണ് സംഘാടകരില്‍ നിന്ന് വാങ്ങിയതെന്നും കല്യാണ്‍ സില്‍ക്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഘാടകര്‍ സാരി ഒന്നിന് 1,600 രൂപ വീതം ഈടാക്കി എന്നാണ് അറിയാന്‍ കഴിഞ്ഞത്. മൃദംഗ വിഷനുമായി നടന്നത് വാണിജ്യപരമായ ഇടപാട് മാത്രമാണെന്നും കല്യാണ്‍ സില്‍ക്‌സ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കലാരംഗത്തുള്ള പുത്തന്‍ ചലനങ്ങളെ ലാഭേച്ഛ കൂടാതെ പ്രോത്സാഹിപ്പിക്കുന്നത് കാലാകാലങ്ങളായി കല്യാണ്‍ സില്‍ക്സിന്റെ രീതിയാണെന്നും മാനേജ്‌മെന്റ് പറയുന്നു. 12,500 സാരികള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് മൃദംഗ വിഷന്‍ തങ്ങളെ സമീപിച്ചു. പരിപാടിക്ക് മാത്രമായി ഡിസൈന്‍ ചെയ്ത സാരികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മിക്കുകയും സാരി ഒന്നിന് 390 രൂപയ്ക്ക് സംഘാടകര്‍ക്ക് യഥാസമയം കൈമാറുകയും ചെയ്തു. ഇതാണ് 1,600 രൂപയ്ക്ക് സംഘാടകര്‍ നല്‍കിയത്. തങ്ങളുടെ ഉത്പന്നങ്ങള്‍ ഇത്തരം ചൂഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ കടുത്ത അതൃപ്തിയുണ്ട്. വിവാദങ്ങളിലേക്ക് തങ്ങളുടെ പേര് വലിച്ചിഴക്കരുതെന്നും കല്യാണ്‍ സില്‍ക്‌സ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ 28നാണ് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ നൃത്തപരിപാടി സംഘടിപ്പിച്ചത്. സിനിമാ താരം ദിവ്യ ഉണ്ണി, സിനിമാ, സീരിയല്‍ താരം ദേവി ചന്ദന അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്‌റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇതിന് പിന്നാലെ പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. സ്റ്റേജ് നിര്‍മിക്കാന്‍ സംഘാടകര്‍ അനുമതി വാങ്ങിയില്ലെന്ന ആരോപണവും ഉയര്‍ന്നു. ഇക്കാര്യം സ്ഥിരീകരിച്ച് ജിസിഡിഎ രംഗത്തെത്തി. ഇതിന് പിന്നാലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഓരോ കുട്ടികളില്‍ നിന്ന് 3,500 രൂപയും അതിന് പുറമേ സാരിക്ക് 1,600 രൂപ വീതവും ഈടാക്കിയന്നെ വെളിപ്പെടുത്തലുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. പരിപാടിയില്‍ ഗുരുതര വീഴ്ച വരുത്തിയ മൃദംഗ വിഷന്‍ സിഈ ഷമീര്‍ അബ്ദുല്‍ റഹീമിനെ അറസ്റ്റ് ചെയ്തിരുന്നു.
Content Highlights- kalyan silks explanation on kochi dance programme controversy