കട്ടപ്പന: ഇടുക്കിയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ നിക്ഷേപകന്‍ സാബു തോമസിനെതിരെ വിവാദ പ്രസ്താവനയുമായി എം എം മണി എംഎല്‍എ. സാബുവിന് എന്തെങ്കിലും മാനസിക പ്രശ്‌നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും അതിന്റെ പാപഭാരം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും എംഎം മണി പറഞ്ഞു. കട്ടപ്പന റൂറല്‍ ഡവലപ്പ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യവെയാണ് പരാമര്‍ശം.
സാബുവിന് എന്തെങ്കിലും പ്രത്യേക മാനസികാവസ്ഥ ഉണ്ടോയെന്നും തങ്ങള്‍ക്കറിയില്ല. സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. എന്തുകൊണ്ട് ആത്മഹത്യ ചെയ്തുവെന്ന കാര്യം പരിശോധിക്കണം. വഴിയേ പോയ വയ്യാവേലി തങ്ങളുടെ തലയില്‍ കെട്ടിവെക്കാന്‍ ഒരുത്തനും ശ്രമിക്കേണ്ട. തങ്ങളെ അതൊന്നും ബാധിക്കുന്ന വിഷയമല്ലെന്നും എംഎല്‍എ പറഞ്ഞു.
കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ ജീവനൊടുക്കിയത്. സാബുവിന്റെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്നും നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ആരോപിക്കുന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. തന്റെ സമ്പാദ്യം മുഴുവനും ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്നും കത്തില്‍ ആരോപിച്ചിരുന്നു. അതിനിടെ സാബുവിനെ സിപിഐഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഭീഷണി സന്ദേശവും പുറത്ത് വന്നിരുന്നു.
Content Highlights: MM Mani insults the investor Sabu Thomas