കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ അപകടത്തിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസില്‍, പരിപാടിയുടെ സംഘാടകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൃദംഗ വിഷന്‍ എംഡിഎം നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവൻ്റ് മാനേജ്‌മെൻ്റ് ഉടമ പിഎസ് ജനീഷ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പരിപാടിയുടെ നടത്തിപ്പില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ പ്രധാന വാദം. എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചുവെന്നും ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും ആക്ഷേപങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് സംഘാടകരുടെ വാദം.
അതേ സമയം, നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതി പാലാരിവട്ടം പൊലീസിൻ്റെ റിപ്പോര്‍ട്ട് തേടും. ജി കൃഷ്ണകുമാര്‍ അധ്യക്ഷനായ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രണ്ട് പേരുടെയും ജാമ്യാപേക്ഷ. കേസില്‍ നിലവില്‍ എം നിഗോഷും പിഎസ് ജനീഷും പ്രതികളല്ല.
ഡിസംബർ 29 വൈകീട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു. നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. തലയ്ക്ക് ഗുരുതര പരിക്കുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കിയിരുന്നത്. സംഭവത്തില്‍ പരിപാടി സംഘടിപ്പിച്ച 'മൃദംഗ വിഷ'ൻ് സിഇഒ അറസ്റ്റിലായിരുന്നു. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് സിഇഒ ആയ ഷമീർ അബ്ദുൽ റഹീം പിടിയിലായത്.
അതേസമയം, എംഎൽഎ ഉമാ തോമസ് വീണു ഗുരുതര പരിക്കേറ്റ പരിപാടിയെച്ചൊല്ലിയുള്ള സാമ്പത്തിക ആരോപണത്തിൽ ദിവ്യ ഉണ്ണിയെ ആവശ്യമെങ്കിൽ വിളിച്ചുവരുത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പ്രതികരിച്ചു. വിഷയത്തിൽ പാലാരിവട്ടം പൊലീസ് കേസ് എടുത്തിട്ടുണ്ട് എന്നും സംഘാടകർ അനുമതി എടുത്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
പരിപാടി സംഘടിപ്പിക്കാനായി ജിസിഡിഎ 24 നിർദേശങ്ങൾ നൽകിയിരുന്നുവെന്നും ഇതിൽ പലതും പാലിക്കപ്പെട്ടില്ല എന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. സ്വകാര്യ പരിപാടികൾക്ക് വിവിധ വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങേണ്ടതാണ്. പക്ഷെ ഇവയ്‌ക്കെല്ലാം അനുമതി വാങ്ങാത്തത് ശരിയല്ല. വകുപ്പുകളുടെ വീഴ്ച അന്വേഷണ ഘട്ടത്തിൽ ആണെന്നും പിഡബ്ള്യുഡി, പൊലീസ് എന്നിവർക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
Content highlight- 'All safety precautions taken'; The anticipatory bail application of the organizers of the Uma Thomas accident will be considered today