കൊച്ചി: നൃത്തപരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ഇന്നലെ രാത്രി 11.30 നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. കലൂരിലെ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ ദിവ്യ ഉണ്ണിക്ക് പൊലീസ് നോട്ടീസ് അയച്ചേക്കുമെന്ന വാർത്തകൾക്കിടെയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. താല്‍ക്കാലിക സ്റ്റേജിന്റെ നിര്‍മ്മാണത്തില്‍ അടക്കം സംഘാടനത്തില്‍ ഗുരുതര പിഴവ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ സംഘാടകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സംഭവത്തില്‍ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടെയാണ് ദിവ്യ ഉണ്ണി വിദേശത്തേക്ക് പോയത്. സംഭവത്തിൽ ദിവ്യ ഉണ്ണിയുടെ സുഹൃത്തായ അമേരിക്കൻ അമേരിക്കൻ പൗരത്വമുളള പൂർണിമയെ പൊലീസ് പ്രതിചേർത്തിരുന്നു.
കഴിഞ്ഞ ദിവസം പരിപാടിസംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ ദിവ്യ പ്രതികരിച്ചിരുന്നില്ല. വിവാഹശേഷം കുടുംബത്തോടൊപ്പം അമേരിക്കയില്‍ താമസമാക്കിയ നടി നവംബര്‍ മാസത്തിലാണ് കേരളത്തിലേക്ക് എത്തിയത്.
നൃത്ത പരിപാടിക്കെത്തിയ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വേദിയില്‍ നിന്നും വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്ന് പുറത്തു വന്നിരുന്നു. ഈ സ്ഥലപരിമിധിയും ഉറപ്പുള്ള ബാരിക്കേടും ഇല്ലാത്തതാണ് അപകടകാരണമെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. സംഘാടനത്തിലെ പിഴവ് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍.
Content Highlights: Actress Divya Unni returned to America amid controversy