വളക്കൈ സ്കൂൾ ബസ് അപകടം: ഡ്രൈവര്‍ക്കെതിരെ കേസ്, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

നിസാമിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചതെന്ന എംവിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

dot image

കണ്ണൂര്‍: വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ നിസാമിനെതിരെ കേസ്. അശ്രദ്ധമായി വാഹനമോടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. ശ്രീകണ്ഠാപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്. നിസാമിന്റെ ലൈസന്‍സ് സസ്പെൻഡ് ചെയ്‌തേക്കും. നിസാമിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചതെന്ന എംവിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നായിരുന്നു ഡ്രൈവര്‍ നിസാമും ആയ സുലോചനയും മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ബ്രേക്ക് പൊട്ടിയിട്ടില്ലെന്ന് എംവിഡി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അപകടത്തിന് ശേഷവും ബ്രേക്ക് കൃത്യമായി പമ്പ് ചെയ്യുന്നുവെന്നാണ് എംവഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടത്തിന് കാരണമാകും വിധമുള്ള മറ്റ് മെക്കാനിക്കല്‍ തകരാറുകള്‍ ഇല്ലെന്നും എംവിഡി പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് കൈമാറി. ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് എംവിഡി പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ ബസിന് ഫിറ്റ്‌നെസ് ഉണ്ടായിരുന്നില്ലെന്നും എംവിഐ നേരത്തെ അറിയിച്ചിരുന്നു.

വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച കുട്ടിയുടെ സംസ്‌കാരം ഇന്ന് നടക്കും. പൊറുക്കള സ്വദേശിനിയായ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നേദ്യപഠിച്ച കുറുമാത്തൂര്‍ ചിന്മയ യുപി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞ ബസില്‍ നിന്ന് നേദ്യ തെറിച്ചുവീഴുകയായിരുന്നു. പരിക്കേറ്റ 18 കുട്ടികളില്‍ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു.

ഇറക്കം ഇറങ്ങുന്നതിനിടെ ബസിന്റെ ബ്രേക്ക് നഷ്ടമായെന്നാണ് നിസാം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടറിനോട് പറഞ്ഞത. ബ്രേക്ക് നഷ്ടമായതോടെ അപകടത്തിന്റ കാഠിന്യം കുയ്ക്കാന്‍ സമീപത്തെ കടയിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു ആദ്യം ശ്രമിച്ചത്. എന്നാല്‍ ഇത് സാധിച്ചില്ലെന്നും നിസാം പറഞ്ഞു. സ്‌കൂള്‍ വിട്ട് കുട്ടികളെ വീട്ടിലെത്തിക്കാനുള്ള യാത്രക്കിടെയായിരുന്നു സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. താഴ്ചയിലേക്ക് മറിഞ്ഞ ബസ് പല തവണകളായി മലക്കംമറിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. നേദ്യ ബസിന് പുറത്തേക്ക് തെറിച്ച് വീഴുകയും പിന്നാലെ ബസ് മറിഞ്ഞ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു.

Content Highlight: Kannur school bus accident: FIR against driver, License might be suspended

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us