മലപ്പുറം: സനാതന ധർമം ചാതുർവർണ്യത്തിന്റെ ഭാഗമല്ലെന്ന വി ഡി സതീശന്റെ നിലപാടിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ രംഗത്ത്. സതീശൻ ഹിന്ദു വർഗീയതയെ വെള്ള പൂശാനുള്ള ശ്രമമാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ശിവഗിരിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു വി ഡി സതീശന്റെ പരാമർശം. സനാതന ധർമം നമ്മുടെ സംസ്കാരമാണെന്നും എങ്ങനെയാണ് അത് ചാതുർവർണ്യത്തിൻ്റെ ഭാഗമാകുന്നതെന്നും വി ഡി സതീശൻ ചോദിച്ചു. രാജ്യത്തിന്റെ സവിശേഷതയാണത്. ഒരു ജാതി ഒരു മതം ഒരു ദൈവം, അതാണ് സനാതന ധർമം. സനാതന ധർമത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാർത്തിക്കൊടുക്കുകയാണ്. മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകൾക്ക് അവകാശപ്പെട്ടതല്ല സനാതന ധർമം എന്നുമായിരുന്നു വി ഡി സതീശൻ പറഞ്ഞത്. സനാതന ധർമത്തിനെതിരെ ആഞ്ഞടിക്കുകയാണ് മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ ചെയ്തത്.
ഗുരുവിനെ സനാതനധർമത്തിന്റെ അടയാളമാക്കി മാറ്റാൻ ശ്രമിക്കുന്നതുതന്നെ ഗുരുവിനോട് ചെയ്യുന്ന വലിയ നിന്ദയാണ്. സനാതന ഹിന്ദുത്വത്തിന് ജനാധിപത്യം അയിത്തമാണ് എന്നും സനാതന ഹിന്ദുത്വം പഴയ രാജവാഴ്ചയാണ് ആഗ്രഹിക്കുന്നത് എന്നുമാണ് മുഖ്യമന്ത്രി വിമർശിച്ചത്.
ഗുരു ഒരു ജാതിയിലും മതത്തിലും ഉൾപ്പെടാത്ത സാമൂഹ്യ പരിഷ്‌കർത്താവാണ്. എന്നിട്ടും ഗുരുവിനെ മതാചാര്യൻ എന്ന് പറയുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്നാണ് ഗുരു പറഞ്ഞിട്ടുള്ളത്. ഗുരുവിനെ വ്യാഖ്യാനിക്കാൻ വ്യാഖ്യാതാക്കളായി നടിച്ച് പുതിയ ഭാഷ്യവുമായി ആരും വരേണ്ടതില്ല എന്നും അങ്ങനെ വന്നാൽ അവരെ ചെറുത്തു തോൽപ്പിക്കണം എന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞിരുന്നു.
Content Highlights: MV Govindan against VD Satheesan on Sanatan Dharma remarks