കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി നടന്ന രാഷ്ട്രീയ കൊലപാതകമെന്ന് കോടതി. ദീപിക മാധ്യമപ്രവർത്തകൻ മാധവന്റെ മൊഴിയാണ് കെ വി കുഞ്ഞിരാമൻ അടക്കം കേസിലെ പ്രതികൾക്ക് നിർണായകമായത്. അന്വേഷണത്തിൽ ലഭിച്ച ശാസ്ത്രീയ തെളിവുകളും നിർണായകമായി. 10 പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഡാലോചന തെളിഞ്ഞു. പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികാരത്തിന് വേണ്ടി നടത്തിയ കൊലപാതകമാണ് പെരിയയിൽ സംഭവിച്ചത്. വിദഗ്ധമായി ആസൂത്രണം ചെയ്ത കൊലപാതകമെന്ന് വ്യക്തമാണ്. കൊലപാതകത്തിനായി സുദീർഘമായ ഹോംവർക്ക് പ്രതികൾ നടത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. പെരിയ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമല്ലെന്നും സിബിഐ കോടതി പറഞ്ഞു. വിധ്വംസന രാഷ്ട്രീയത്തിന്റെ ഭാഗമായി അരങ്ങേറിയ ഇരട്ട കൊലപാതകമാണ് പെരിയയിലേത്. ഗൂഡാലോചന സംഭവിച്ചത് സാധാരണ സംഭാഷണത്തിന്റെ ഭാഗമായല്ല. കേസിലെ ക്രിമിനൽ ഗൂഡാലോചനയ്ക്ക് നിരവധി പ്രത്യേകതകളുണ്ട്. സംശയത്തിന്റെ ആനുകൂല്യം പ്രതികൾക്ക് നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ട് ക്ഷം രൂപ പിഴയും ചുമത്തി. എറണാകുളം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ വി കുഞ്ഞിരാമന് അഞ്ച് വർഷം തടവും 10000 രൂപ പിഴയും വിധിച്ചു. ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് കോടതിയില്‍ പ്രതിഭാഗം വാദിച്ചു. കുറ്റകൃത്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. പ്രതികള്‍ സ്ഥിരം കുറ്റവാളികള്‍ അല്ല. മാനസാന്തരത്തിന് സാധ്യതയുണ്ട്. പല സാക്ഷി മൊഴികളിലും വൈരുധ്യമുണ്ട് എന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, സിപിഐഎം ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ അടക്കം 14 പേര്‍ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു.
ഒന്നാം പ്രതിയായ സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ ഉള്‍പ്പടെ എട്ട് പ്രതികള്‍ക്കെതിരെ കൊലക്കുറ്റമാണ് തെളിഞ്ഞത്. ടി രഞ്ജിത്ത്, എ സുരേന്ദ്രന്‍ എന്നിവര്‍ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കണ്ടെത്തി. രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് കടത്തിക്കൊണ്ട് പോയെന്ന കുറ്റമാണ് മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ ചുമത്തിയത്. പരമാവധി രണ്ട് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് വിധി പ്രഖ്യാപിച്ചത്. 24 പ്രതികളില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
Content Highlight: CBI court says Periya double murder a result of political conspiracy