തൃശൂർ: തിരുവമ്പാടി വേല വെടിക്കെട്ടിനും അനുമതി. വെടിക്കെട്ടിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് എഡിഎം തിരുവമ്പാടി ദേവസ്വത്തിന് കൈമാറി. കഴിഞ്ഞ ദിവസം പാറമേക്കാവ് ദേവസ്വം ബോർഡിനും വേല വെടിക്കെട്ടിനുള്ള അനുമതി നൽകിയിരുന്നു.
ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ദേവസ്വങ്ങൾക്ക് വെടിക്കെട്ടുള്ള അനുമതി ലഭിച്ചത്. നേരത്തെ കേന്ദ്ര വിജ്ഞാപന പ്രകാരം ഇരു ദേവസ്വങ്ങളുടെയും വേല വെടിക്കെട്ട് അനുമതി നിഷേധിച്ചിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരമുള്ള കാര്യങ്ങള്‍ ഇരുദേവസ്വങ്ങളും നടപ്പിലാക്കിയതിനു പിന്നാലെയാണ് എഡിഎം അനുമതി നല്‍കിയത്. തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ തന്നെയാണ് വേല വെടിക്കെട്ടും നടക്കുന്നത്.
പുതിയ കേന്ദ്ര സ്ഫോടക വസ്തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തേക്കിന്‍കാട് മൈതാനിക്ക് സമീപം വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മില്‍ 78 മീറ്ററാണ് ദൂരപരിധി. പുതിയ നിയമപ്രകാരം ദൂരപരിധി 200 മീറ്ററാണ് വേണ്ടത്. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ദേവസ്വങ്ങളുടെ അപേക്ഷ കളക്ടര്‍ നിഷേധിച്ചത്.
Content Highlight: Court give permission for Thiruvambadi fireworks