കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവ് ശിക്ഷ, വിചാരണ കോടതിയിൽ നിന്നും ജാമ്യം ലഭിക്കില്ല: പ്രതിഭാഗം അഭിഭാഷകന്‍

അപ്പീല്‍ പോകാനുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നും സി കെ ശ്രീധരന്‍ പറഞ്ഞു

dot image

കൊച്ചി: പെരിയ കേസ് വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ സി കെ ശ്രീധരന്‍. സിപിഐഎം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന് അഞ്ച് വര്‍ഷമാണ് തടവ് ശിക്ഷ. മൂന്ന് വര്‍ഷമാണെങ്കില്‍ വിചാരണ കോടതിയിൽ നിന്നും ജാമ്യം ലഭിക്കുമായിരുന്നു. എന്നാല്‍ അത് സാധ്യമല്ല. വിധിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് കൊണ്ടുപോകും. അപ്പീല്‍ പോകാനുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നും സി കെ ശ്രീധരന്‍ പറഞ്ഞു.

'അപ്പീല്‍ പോകും. വിധി പകര്‍പ്പ് ലഭിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാം. കെ വി കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. അതിനാല്‍ ഇവിടെ നിന്നും ജാമ്യം എടുക്കാന്‍ സാധിക്കില്ല. മൂന്ന് വര്‍ഷം വരെയാണെങ്കില്‍ ഇവിടെ നിന്നും ജാമ്യത്തില്‍ പോരാമായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പ്രതികളെ അയക്കും', എന്നായിരുന്നു സി കെ ശ്രീധരന്റെ പ്രതികരണം.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. എറണാകുളം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ വി കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവും വിധിച്ചു.

ഒന്നാം പ്രതിയും സിപിഐഎം പെരിയ ലോക്കല്‍ കമ്മറ്റി മുന്‍ അംഗവുമായ എ പീതാംബരന്‍, രണ്ടാം പ്രതി സജി സി ജോര്‍ജ്, മൂന്നാം പ്രതി കെ എം സുരേഷ്, നാലാം പ്രതി കെ അനില്‍ കുമാര്‍, അഞ്ചാം പ്രതി ഗിജിന്‍, ആറാം പ്രതി ആര്‍ ശ്രീരാഗ് (കുട്ടു), ഏഴാം പ്രതി എ അശ്വിന്‍ (അപ്പു ), എട്ടാം പ്രതി സുബീഷ് (മണി), പത്താം പ്രതി രഞ്ജിത് ടി, പതിനഞ്ചാം പ്രതി വിഷ്ണു സുര ( എ സുരേന്ദ്രന്‍) എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മുന്‍ എംഎല്‍എയും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമന്‍, സിപിഐഎം ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍, സിപിഐഎം പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവര്‍ക്ക് അഞ്ച് വര്‍ഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

Content Highlights: Defense lawyer CK Sreedharan Reaction over Periya Case Verdict

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us