മെഗാ നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പ്; മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍

മൂന്ന് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും

dot image

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മൂന്ന് പ്രതികള്‍. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാര്‍, സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം, സി മിനി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.

പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് മൂന്ന് പ്രതികള്‍ക്കുമെതിരെ ചുമത്തിയത്. സ്റ്റേഡിയം അപകട കേസില്‍ എം നിഗോഷ് കുമാര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഈ സാഹചര്യത്തില്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ അറസ്റ്റും പാലാരിവട്ടം പൊലീസ് രേഖപ്പെടുത്തും.

കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതല്ലെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചേക്കും. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ അധ്യക്ഷനായ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കലൂരില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപിടിയില്‍ വേദിയില്‍ നിന്നും വീണ് ഉമാ തോമസ് എംഎല്‍എ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.

താല്‍ക്കാലിക സ്റ്റേജിന്റെ നിര്‍മ്മാണത്തില്‍ അടക്കം സംഘാടനത്തില്‍ ഗുരുതര പിഴവ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 12,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ മെഗാ ഭരതനാട്യം പരിപാടിയില്‍ വന്‍തുകയാണ് സംഘാടകര്‍ റസീപ്റ്റ് പോലും നല്‍കാതെ പിരിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിലാണ് സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlights:

dot image
To advertise here,contact us
dot image