'കേരളത്തിലെ സിപിഐഎമ്മിന്റെ നരനായാട്ട് യാദൃശ്ചികമായ സംഭവമല്ല'; കെ എം ഷാജി

' വിധി ആശ്വാസകരമാണെന്നും പ്രതീക്ഷാനിർഭരമാണെന്നും പറയുന്നത് പെരിയ കേസിന്റെ മാത്രം പശ്ചാത്തലത്തിലല്ല'

dot image

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിലെ വിധിയിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. വിധി ആശ്വാസകരമാണെന്നും പ്രതീക്ഷാനിർഭരമാണെന്നും പറയുന്നത് പെരിയ കേസിന്റെ മാത്രം പശ്ചാത്തലത്തിലല്ല. കേസിൽ മുന്‍ എംഎല്‍എ അടക്കമുളള നാല് സിപിഐഎം നേതാക്കൾ കൂടി ഉൾപ്പെട്ടിരിക്കുന്നു എന്നുളളതാണ് ശ്രദ്ദേയം. കണ്ണൂരിലെ ഷുക്കൂർ വധക്കേസ് നടക്കുന്ന സമയത്തെ എംഎൽഎ ആ കേസിലെ പ്രതിയാണ്. പിണറായി വിജയനും പി ജയരാജനെയും പോലെ സിപിഐഎമ്മിന്റെ തലയെടുപ്പുളള നേതാക്കളും അതിൽ പ്രതിയാണെന്നും കെ എം ഷാജി പ്രതികരിച്ചു.

'ചന്ദ്രശേഖർ വധക്കേസിന് ശേഷവും ഷുക്കൂർ വധക്കേസിന് ശേഷവും സംഭവിച്ച ആശ്വാസകരമായ കാര്യം എന്താണെന്ന് വെച്ചാൽ, കൊലപാതക കേസുകളിൽ പാർട്ടി പ്രവർത്തകരെയും ​ഗുണ്ടകളെയും പറഞ്ഞു വിട്ട് കൊല്ലിക്കുന്ന സിപിഐഎമ്മിന്റെ ആസൂത്രണം പൊളിയുന്നു എന്നുളളതാണ്. കേസുകളിൽ പ്രതികളാക്കപ്പെടുന്നവർ സിപിഐഎമ്മിന്റെ ടൂളുകളാണ്. അതിന്റെ തലച്ചോറ് എന്ന് പറയുന്നത് സിപിഐഎം ആണ്. ചന്ദ്രശേഖർ വധക്കേസിൽ പിണറായി വിജയൻ വരെ നീണ്ടു നിൽക്കാവുന്ന ഗൂഢാലോചന അതിന്റെ ചെറിയ ഘട്ടത്തിൽ പൊളിഞ്ഞു പോയതാണ്. അത് ഒഴിച്ചാൽ ആ കേസ് പ്രതീക്ഷാനിർഭരമായി തന്നെ ഗൂഢാലോചനക്കാരെ അടക്കം പുറത്ത് കൊണ്ടുവരാൻ സാധിച്ചു. പെരിയ കൊലപാതക കേസിൽ പ്രതികൾക്ക് ഇരട്ട ​ജീവപര്യന്തം മതിയോ വധശിക്ഷ ആവശ്യമുണ്ടോ എന്നുളള കാര്യങ്ങൾ ചർച്ച നടത്തുക എന്നുളളത് പിന്നീടുളള കാര്യമാണെന്ന് കെ എം ഷാജി പറഞ്ഞു‌.

കേരളത്തിലെ സിപിഐഎമ്മിന്റെ നരനായാട്ട് യാദൃശ്ചികമായ സംഭവമല്ല. കാസർ​ഗോഡിലെ സിപിഐഎമ്മിന്റെ മുന്‍ എംഎല്‍എ വരെ കേസിലെ പ്രതിയാണ്. പാര്‍ട്ടി തന്നെ ആസൂത്രണം ചെയ്ത് നടത്തുന്ന കലാപങ്ങളും കൊലപാതകങ്ങളുമാണ് കേരളത്തിൽ നടക്കുന്നതെന്ന് തെളിയിക്കുന്ന വിധിയാണ് പുറത്ത് വന്നിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത് ശിക്ഷിക്കപ്പെട്ടവർക്ക് മേൽകോടതിയെ സമീപിക്കാൻ അവസരമുണ്ടെന്നാണ്. അതിനർത്ഥം പ്രതികൾക്കൊപ്പം തന്നെ ആ പാർട്ടി നിൽക്കുന്നുവെന്നാണെന്നും കെ എം ഷാജി കൂട്ടിച്ചേർത്തു.

Content Highlights: K M Shaji Response to the judgment of Periya twin Murder Case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us