മലപ്പുറം: പെരിയ കേസ് വിധിയിൽ പ്രതികരണവുമായി മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഉയർന്ന ലെവലിൽ നടപ്പാക്കിയ കൊലപാതകമായിരുന്നുവെന്നും പ്രതികൾ ഇതിലേറെ ശിക്ഷ അർഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ അടക്കമുള്ളവർ പങ്കാളികളായി എന്നത് പരസ്യമായിരുന്നു. അതാണ് ഗൗരവമായ കാര്യം. ശിക്ഷ പോരാ എന്ന കുടുംബത്തിന്റെ പ്രസ്താവന അസ്ഥാനത്തല്ല. ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്. ശിക്ഷിക്കപ്പെടുന്നവർക്കൊപ്പം പാർട്ടി ഉണ്ട് എന്നതാണ് കൊലപാതകം ആവർത്തിക്കാൻ കാരണം. എന്ത് ക്രൂരകൃത്യം ചെയ്താലും നോക്കാൻ ആളുണ്ട് എന്നതാണ് അവസ്ഥയെന്നും അതിൽ ഇനിയെങ്കിലും മാറ്റം വരണമെന്നും പങ്കില്ല എന്ന് പറഞ്ഞത് കൊണ്ട് പൊതുജനം വിശ്വസിക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
താനൂരിൽ വി അബ്ദുറഹ്മാന് പിന്തുണ നൽകിയെന്ന എസ്ഡിപിഐ വെളിപ്പെടുത്തലിലും അദ്ദേഹം പ്രതികരിച്ചു. മലപ്പുറത്ത് ലീഗിന് എതിരെ ജയിക്കുന്നത് തന്നെ സാമ്പാർ മുന്നണി ഉണ്ടാക്കിയാണ്. സാമ്പാറിൽ എല്ലാ തരം സാധനങ്ങളും ഉണ്ടാകും. അതിൽ ബിജെപിയും എസ്ഡിപിഐയും എല്ലാം ഉണ്ടാകും. എന്ത് ഉണ്ടായാലും കുഴപ്പമില്ല, അത് ലീഗിന് എതിരെ ആയാൽ മതി എന്നാണ് ചിലരുടെ നിലപാട്. എന്നിട്ടാണ് തിരിഞ്ഞു നിന്ന് ലീഗിനെ കുറ്റം പറയുന്നത്. പി വി അൻവറിന്റെ പരിപാടിയിൽ യുഡിഎഫ് നേതാക്കൾ പങ്കെടുക്കുന്നതിൽ
തീരുമാനം എടുക്കേണ്ടത് നേതൃത്വമാണെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. യുഡിഎഫിന്റെ തീരുമാനത്തിനൊപ്പമാണ് ലീഗും.
നേതൃത്വം ആലോചിച്ച് തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെരിയ കേസിൽ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ട് ക്ഷം രൂപ പിഴയും ചുമത്തി. എറണാകുളം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. മുൻ എംഎൽഎയും സിപിഐഎം നേതാവുമായ കെ വി കുഞ്ഞിരാമന് അഞ്ച് വർഷം തടവും 10000 രൂപ പിഴയും വിധിച്ചു.
ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് കോടതിയിൽ പ്രതിഭാഗം വാദിച്ചു. കുറ്റകൃത്യം അപൂർവ്വങ്ങളിൽ അപൂർവ്വമല്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. പ്രതികൾ സ്ഥിരം കുറ്റവാളികൾ അല്ല. മാനസാന്തരത്തിന് സാധ്യതയുണ്ട്. പല സാക്ഷി മൊഴികളിലും വൈരുധ്യമുണ്ട് എന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കേസിൽ ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, സിപിഐഎം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ അടക്കം 14 പേർ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു.
ഒന്നാം പ്രതിയായ സിപിഐഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ ഉൾപ്പടെ എട്ട് പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് തെളിഞ്ഞത്. ടി രഞ്ജിത്ത്, എ സുരേന്ദ്രൻ എന്നിവർ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കണ്ടെത്തി. രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് കടത്തിക്കൊണ്ട് പോയെന്ന കുറ്റമാണ് മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ നാല് പേർക്കെതിരെ ചുമത്തിയത്. പരമാവധി രണ്ട് വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ആറു വർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് വിധി പ്രഖ്യാപിച്ചത്. 24 പ്രതികളിൽ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
Content Highlights: PK Kunhalikutty on periya case verdict