കൊല്ലം: അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം പിടിയിൽ. രണ്ട് പ്രതികളെ പോണ്ടിച്ചേരിയിൽ നിന്ന് സിബിഐ ആണ് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഇന്ത്യൻ ആർമിയിലായിരുന്നു ജോലി ചെയ്തിരുന്നത്. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോവുകയായിരുന്നു. സിബിഐ ഇവരെ പിടികൂടി കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി.
2006 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം അഞ്ചൽ സ്വദേശിനിയായ രഞ്ജിനിയും രണ്ട് പെൺകുഞ്ഞുങ്ങളും കൊല്ലപ്പെട്ട കേസിൽ സൈനികരായ ഇവർക്ക് പങ്കുണ്ടെന്ന് സംസ്ഥാന പൊലീസും സിബിഐയും കണ്ടെത്തിയിരുന്നു. അവിവാഹിതയായിരുന്നു രഞ്ജിനി. 2006 മുതൽ പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. സൈന്യത്തിലേക്ക് ഇവർ തിരികെ പോയതുമില്ല. ഇരുവരും രാജ്യത്തിന് പുറത്തേക്ക് പോയി എന്ന രീതിയിലായിരുന്നു അന്വേഷണം. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകളിലായി ഇവരെക്കുറിച്ചുള്ള വിവരം ചെന്നൈ യൂണിറ്റിലെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. മറ്റൊരു വിലാസത്തിലും വ്യാജപേരുകളിലുമായാണ് ഇവർ കഴിഞ്ഞിരുന്നത്. ഇരുവരും വിവാഹിതരായിരുന്നു. ഈ വിവാഹത്തിൽ ഇവർക്ക് കുട്ടികളുണ്ട്. ഇന്റീരിയർ ഡിസൈൻ സ്ഥാപനം നടത്തിവരികയായിരുന്നു ഇരുവരും.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ദിബിൽ കുമാറിന് രഞ്ജിനിയിൽ രണ്ട് കുഞ്ഞുങ്ങൾ ജനിച്ചിരുന്നു.
എന്നാൽ കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ ദിബിൻ കുമാർ തയ്യാറായില്ല. ഇതോടെ രഞ്ജിനിയും കുടുംബവും ദിബിൻ കുമാറിനെതിരെ വനിതാ കമ്മീഷൻ അടക്കമുള്ളവർക്ക് പരാതി നൽകി. ഇതിന് പിന്നാലെ കുട്ടികളുടെ ഡിഎൻഎ അടക്കം പരിശോധിക്കാൻ വനിത കമ്മീഷൻ നിർദേശം നൽകി. ഈ സമയത്താണ് തെളിവുകൾ നശിപ്പിക്കാനെന്ന ലക്ഷ്യത്തോടെ രഞ്ജിനിയേയും കുഞ്ഞുങ്ങളേയും കൊലപ്പെടുത്താൻ ദിബിൻ കുമാർ തീരുമാനിച്ചത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയം ദിബിൽ കുമാറും രാജേഷും അവിടെയെത്തി ഇവരെ കൊലപ്പെടുത്തുകയായിരുന്നു. രഞ്ജിനിയേയും കുഞ്ഞുങ്ങളെയും കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ 2006 ജനുവരി മുതൽ ഏപ്രിൽ വരെ ഇരുവരും അവധിയിലായിരുവെന്ന് പൊലീസ് കണ്ടെത്തി. രാജ്യത്തിനകത്തും പുറത്തും അന്വേഷണം ഊർജിതമാക്കിയെങ്കിലും ഇരുവരെയും കുറിച്ച് പൊലീസിന് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ആദ്യം 50,000 രൂപ ഇനാമും പിന്നീടത് രണ്ട് ലക്ഷവുമാക്കിയിരുന്നു. കഴിഞ്ഞ 5 വർഷമായി ഇവരെക്കുറിച്ച് സിബിഐ അന്വേഷണം നടത്തിവരികയായിരുന്നു.
Content Highlights: cbi arrested the accused of anchal murder case