'ഒരു മോൺസ്റ്റർ ട്രക്ക് ടോയ് വേണം, അമ്മയ്ക്ക് വേഗം ശമ്പളം കൊടുക്കുവോ?'; മുഖ്യമന്ത്രിക്ക് കുഞ്ഞ് ഏദന്റെ കത്ത്

എപ്പോഴാ ശമ്പളം കിട്ടുന്നത് എന്ന് ചോദിച്ചാൽ അറിയില്ലെന്ന പറയുമെന്നും ഏദൻ കത്തിൽ പരിഭവം പറയുന്നു

dot image


തളിപ്പറമ്പ്
: 'ഒരു മോൺസ്റ്റർ ട്രക്ക് ടോയ് വേണമെന്ന് കുറേനാളായി ഞാനാഗ്രഹിക്കുന്നു, അമ്മയ്ക്ക് വേഗം ശമ്പളം കൊടുക്കുവോ പ്ലീസ്…'
കരിപ്പാൽ എസ് വി യുപി സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി ഏദൻ ജോസഫ് മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലെ ആവശ്യമാണിത്. ഏദന് തനിക്കിഷ്ടപ്പെട്ട കളിപ്പാട്ടം വേണം. അമ്മയോട് കുറേ നാളായി ആഗ്രഹവും പറയുന്നുണ്ട്. എന്നാൽ ശമ്പളം കിട്ടട്ടെയെന്ന് അമ്മ പറയും. എപ്പോഴാ ശമ്പളം കിട്ടുന്നത് എന്ന് ചോദിച്ചാൽ അറിയില്ലെന്ന് പറയുമെന്നും ഏദൻ കത്തിൽ പരിഭവം പറയുന്നു. ഒരു മോൺസ്റ്റർ ട്രക്ക് ടോയ് വാങ്ങാൻ അമ്മയ്ക്ക് വേഗം ശമ്പളം കൊടുക്കണമെന്നാണ് ഈ ഒന്നാം ക്ലാസുകാരന്‍റെ ആവശ്യം.

ഏദന്‍റെ കത്ത്

കുറേനാളായി മകൻ തന്നോട് കളിപ്പാട്ടത്തിന്‍റെ കാര്യം പറയുന്നുണ്ടെന്നും സാലറി കിട്ടട്ടെ, എന്നിട്ട് വാങ്ങിത്തരാമെന്നാണ് പറയാറുള്ളതെന്നും അമ്മ മഞ്ജു റിപ്പോർട്ടറിനോട് പറഞ്ഞു. 'മന്നംജയന്തിയുടെ അന്ന് ഇതുപോലെ കളിപ്പാട്ടം വാങ്ങിത്തരാമോ എന്നവൻ ചോദിച്ചു. അപ്പോഴും ഞാൻ പറഞ്ഞു അമ്മയ്ക്ക് സാലറി വരട്ടേയെന്ന്. എപ്പോഴാ കിട്ടുകയെന്ന് ചോദിച്ചു. അമ്മയ്ക്ക് അറിയില്ലാന്നു പറഞ്ഞു. ആരാ തരുക എന്നായി അടുത്ത ചോദ്യം. മുഖ്യമന്ത്രിയാണെന്ന് ഞാൻ പറഞ്ഞു. എങ്ങനെയാ ചോദിക്കുക, വിളിക്കാൻ പറ്റുമോന്ന് ചോദിച്ചു. നിനക്കെഴുതാൻ അറിയില്ലേ, എഴുതാൻ പറഞ്ഞു. എങ്ങനെയാ എഴുതേണ്ടേന്ന് ചോദിച്ചിട്ട്, അവനറിയുന്നതൊക്കെ എഴുതിയതാണ്. ഞാൻ പിന്നെയത് കയ്യിൽവെച്ചു. വെറുതെ അവനെക്കൊണ്ട് എഴുതിച്ചതാണ്. പിന്നീട് ക്ലാസ് ടീച്ചറിനെ കാണിച്ചു. അങ്ങനെയാണ് എല്ലാവരുമറിഞ്ഞത്', അമ്മ പറഞ്ഞു.

നാല് വർഷമായി കരിപ്പാൽ എസ് വി യുപി സ്കൂളിലെ അധ്യാപികയാണ് മഞ്ജു. എയ്ഡഡ് സ്കൂളാണ്. സാലറി കിട്ടാത്ത പ്രതിസന്ധിയുണ്ടെന്നും ഏഴോളം അധ്യാപകർക്ക് സാലറി കിട്ടുന്നില്ലെന്നും അവർ പറഞ്ഞു. അതിൽ ഏഴുവർഷമായവരും ഉണ്ട്. താൻ ഇപ്പോൾ നാലാം വർഷമാണെന്നും മഞ്ജു പറഞ്ഞു.

ഏദന്‍റെ കത്ത്

എന്‍റെ അമ്മ കുറേനാളായി സ്കൂളിൽ ജോലി ചെയ്യുന്നു. ഞാൻ എന്തെങ്കിലും വാങ്ങിത്തരാൻ പറയുമ്പോൾ ശമ്പളം കിട്ടട്ടെ എന്ന് പറയും. എപ്പോഴാ ശമ്പളം കിട്ടുന്നത് എന്ന് ചോദിച്ചപ്പോൾ അറിയില്ല എന്നു പറഞ്ഞു. ഒരു മോൺസ്റ്റർ ട്രക്ക് ടോയ് വേണമെന്ന് കുറേനാളായി ഞാനാഗ്രഹിക്കുന്നു. അതിന് 1000 രൂപയാണെന്ന് അമ്മ പറഞ്ഞു. അച്ചയ്ക്കും പൈസയില്ല എന്നമ്മ പറഞ്ഞു. അതുകൊണ്ട് അമ്മയ്ക്ക് വേഗം ശമ്പളം കൊടുക്കുവോ പ്ലീസ്…

Content Highlights: first standard student edan wrote letter to Chief Minister Pinarayi Vijayan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us