കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കെത്തിയ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വീണു പരിക്കേറ്റ സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാവാത്ത നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗായത്രി വര്‍ഷ. അത്രയും ഉയരത്തില്‍ നിന്നും വീണു പരിക്കേറ്റ സ്ത്രീയെ കാണാനോ വിഷയത്തില്‍ പ്രതികരിക്കാനോ ദിവ്യാ ഉണ്ണി തയ്യാറാകാത്തതിലാണ് ഗായത്രി വര്‍ഷയുടെ വിമര്‍ശനം. വിഷയത്തില്‍ ദുഃഖം അറിയിക്കാന്‍ പോലും സാധിക്കുന്നില്ലെങ്കില്‍ കേരള സമൂഹം എത്രയധികം താഴേക്ക് പോയി എന്ന് ഗായത്രി ചോദിക്കുന്നു.
'അത്രയും ഉയരത്തില്‍ നിന്നും വീണ ഒരു സ്ത്രീ എംഎല്‍എയാവട്ടെ, സാധാരണക്കാരിയാവട്ടെ, വീട്ടമ്മയാവട്ടെ. കൊച്ചു കുഞ്ഞാവട്ടെ. സാധാരണ ജന്തുക്കളെങ്കിലും ആവട്ടെ. അതിനെയൊന്ന് അപലപിക്കാന്‍, സ്‌നേഹത്തോടെ നോക്കാന്‍ ആര്‍ദ്രതയോടെ നോക്കാന്‍, ആശുപത്രിയില്‍ പോയി കിടക്കുന്നയാളെ ഒന്നു പോയി കാണാന്‍ ഈ ദിവ്യ ഉണ്ണിക്ക് പറ്റിയില്ല. നമ്മള്‍ എത്രമാത്രം താഴെ പോയി എന്ന് ആലോചിച്ചു നോക്കൂ. കേരള സമൂഹത്തിലെ മാധ്യമങ്ങളെ നോക്കി ജനങ്ങളെ നോക്കി ചാനലുകളിലൂടെയങ്കിലും അങ്ങനെയൊരു പ്രശ്‌നം ഉണ്ടായതില്‍ എന്റെ ഹൃദയം വേദനിക്കുന്നുവെന്ന് പറയാന്‍ കലാകാരിക്ക് തയ്യാറാവുന്നില്ലായെന്ന് പറഞ്ഞാല്‍ കേരള സമൂഹം എത്രയധികം താഴേക്ക് പോയിരിക്കുന്നു എന്ന് നോക്കൂ', എന്നാണ് ഗായത്രി സുരേഷിന്റെ വിമര്‍ശനം.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. താല്‍ക്കാലിക സ്റ്റേജിന്റെ നിര്‍മ്മാണത്തില്‍ അടക്കം സംഘാടനത്തില്‍ ഗുരുതര പിഴവ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും തയ്യാറാവാതെ ദിവ്യ അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം പരിപാടിസംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ ദിവ്യ പ്രതികരിച്ചിരുന്നില്ല. വിവാഹശേഷം കുടുംബത്തോടൊപ്പം അമേരിക്കയില്‍ താമസമാക്കിയ നടി നവംബര്‍ മാസത്തിലാണ് കേരളത്തിലേക്ക് എത്തിയത്.
കലൂരിലെ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ ദിവ്യ ഉണ്ണിക്ക് പൊലീസ് നോട്ടീസ് അയച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അമേരിക്കയിലേക്ക് മടങ്ങിയത്. ദിവ്യയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും.
Content Highlights: Gayathri Varsha Against Divya Unni over uma thomas Accident