കൊച്ചി: തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വീണു പരിക്കേറ്റ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കെതിരെ വിജിലന്‍സിന് പരാതി. കൊച്ചി സ്വദേശി ചെഷയര്‍ ടാര്‍സന്‍ ആണ് പരാതി നല്‍കിയത്. കായികേതര ആവശ്യത്തിന് സ്റ്റേഡിയം വിട്ടുനല്‍കിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്ന് പരാതിയില്‍ ചൂണ്ടികാട്ടി. ജിസിഡിഎ ചെയര്‍മാനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
സ്റ്റേഡിയം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ട്. സ്റ്റേഡിയം വിട്ടു നല്‍കേണ്ടതില്ലെന്ന് ജിസിഡിഎ എസ്റ്റേറ്റ് വിഭാഗം തീരുമാനിച്ചിരുന്നു. 2025 ഏപ്രില്‍ വരെ സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്‌സിന് നല്‍കിയിരിക്കുകയാണ്.ടര്‍ഫ് അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജീകരിച്ചിരിക്കുന്നുവെന്നും എന്നിട്ടും സ്റ്റേഡിയം പരിപാടിക്ക് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.
'ഡാന്‍സ് പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് വലിയൊരു അഴിമതി നടന്നിട്ടുണ്ട്. ജിസിഡിഎ മാത്രമാണ് പങ്കാളിയായിരിക്കുന്നത്. പൊലീസ് ക്ലിയറന്‍സോ, കൊച്ചിന്‍ കോര്‍പ്പറേഷന്റെ ക്ലിയറന്‍സോ വാങ്ങിയിട്ടില്ല', എന്ന് ചെഷയര്‍ ടാര്‍സന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്.
Content Highlights: Kaloor dance program complaint against GCDA chairman to Vigilance