തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നീരീക്ഷണം ശക്തമാക്കി ഇൻ്റലിജൻസും വിജിലൻസും. നിരീക്ഷണത്തിന് പ്രത്യേക പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ജഡ്ജസിനെയും ഇടനിലക്കാരയും സസൂഷ്മം നിരീക്ഷിക്കാനാണ് നീക്കം. പ്രധാന വേദികളിൽ നിരീക്ഷണത്തിന് പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്.
പ്രശ്നബാധിത വേദികളിൽ പരിശോധനക്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പരാതികൾ ഉണ്ടങ്കിൽ ഉദ്യോഗസ്ഥരെ നേരിട്ടറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു. കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
എംടിയുടെ സ്മരണാർത്ഥം സെൻട്രൽ സ്റ്റോഡിയത്തിൽ ഒരുക്കിയിരിക്കുന്ന പ്രധാനവേദിയായ എംടി നിളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. ഉദ്‌ഘാടനത്തിന് മുൻപായി കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തവും അരങ്ങേറി. മുഖ്യമന്ത്രി അടക്കമുള്ള വിശിഷ്ട വ്യക്തികൾ കൽവിളക്ക് തെളിച്ചതോടെയാണ് 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കമായത്.
കലാകേരളത്തിൻ്റെ കൗമാരപ്രതിഭകൾ 25 വേദികളിലായാണ് മികവ് തെളിയിക്കാൻ മാറ്റുരയ്ക്കുന്നത്. 11 മണിയോടെ എല്ലാ വേദികളിലും മത്സരം ആരംഭിക്കും. പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ രാവിലെ മന്ത്രി കെ എൻ ബാലഗോപാൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്തതോടെ ഊട്ടുപുര സജീവമായി. 25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളിൽ പതിനായിരത്തിലേറെ കൗമാരപ്രതിഭകളാണ് പങ്കെടുക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ ഒപ്പനയും സംഘനൃത്തവും ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മാർഗംകളിയും ആദ്യദിനം തന്നെ വേദികളെ ആവേശത്തിലാഴ്ത്തും.