ആലപ്പുഴ: അസാധാരണ വൈകല്യവുമായി ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കി സര്‍ക്കാര്‍. ആലപ്പുഴ സ്വദേശി അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞിന്റെ ചികിത്സയാണ് സൗജന്യമാക്കിയത്. കുട്ടിയുടെ മാതാവ് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്തിലാണ് നടപടി. ചികിത്സ സൗജന്യമാക്കാന്‍ ഡിഎംഒയെ ചുമതലപ്പെടുത്തിയതായി മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
അനീഷിന്റെയും സുറുമിയുടേയും മൂന്നാമത്തെ കുഞ്ഞായിരുന്നു അസാധാരണ വൈകല്യവുമായി ജനിച്ചത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. വായ തുറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതിന് പുറമേ കുഞ്ഞിന്റെ കണ്ണുകളും ചെവികളും സ്ഥാനം തെറ്റിയ നിലയിലായിരുന്നു. ഹൃദയത്തില്‍ ദ്വാരവും കണ്ടെത്തിയിരുന്നു. മുലപ്പാല്‍ കുടിക്കാന്‍ കഴിയാതെ വന്നതോടെ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയും ഒരുഘട്ടത്തില്‍ മോശമായി. ഇതോടെ അനീഷും സുറുമിയും നിയമനടപടിയുമായി രംഗത്തെത്തുകയായിരുന്നു. ആലപ്പുഴ അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയും സ്‌കാന്‍ ചെയ്ത മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകള്‍ക്കെതിരെയും കുടുംബം പരാതി നല്‍കുകയായിരുന്നു.
വൈകല്യങ്ങള്‍ ഗര്‍ഭകാലത്തെ സ്‌കാനിങില്‍ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നില്ലെന്ന് അനീഷും സുറുമിയും വ്യക്തമാക്കിയിരുന്നു. ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടര്‍ അറിയിച്ചില്ലെന്നും ദമ്പതികള്‍ പറഞ്ഞിരുന്നു. ഗൈനക്കോളജിസ്റ്റുമാരായ ഡോ ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയും നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ദമ്പതികളുടെ പരാതിയില്‍ ലാബ് പൂട്ടുകയും ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
Content Highlights- Treatment of child birth with disability become free says minister saji cheriyan