മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൻ്റെ ഉള്ളുലച്ചിൽ കലോത്സവ വേദിയിൽ; നൃത്താവിഷ്കാരവുമായി വെള്ളാർമലയിലെ കുട്ടികള്‍

വീണ, സാദിക, അശ്വിനി, അഞ്ചല്‍, റിഷിക, ശിവപ്രിയ, വൈഗാ ഷിബു എന്നിവരാണ് വേദിയെ ഉലച്ച നൃത്താവിഷ്‌കാരം അവതരിപ്പിച്ചത്

dot image

തിരുവനന്തപുരം: നാടിന്റെ നടുവിലൂടൊരു മഹാനദി ശവ വാഹനം പോല്‍ ഒഴുകുന്നു…

ഇവിടൊരു സ്വര്‍ഗമായി കണ്ട മനുഷ്യരെ,
സ്വപ്‌നവും കണ്ടുറങ്ങുന്ന മനുഷ്യരെ
വീടോടര്‍ത്തി എടുത്തൂ കടപുഴക്കി….'

ഒരു രാത്രി ഇരുണ്ട് വെളുക്കുമ്പോഴേയ്ക്കും ഒരുനാടിനെ തുടച്ച് നീക്കിയ ഉരുള്‍പൊട്ടലിന്റെ നടുക്കം സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയില്‍ നൃത്താവിഷ്‌കാരമാക്കി വെള്ളാര്‍മല സ്‌കൂളിലെ നര്‍ത്തകിമാര്‍. സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനവേദിയിലാണ് ജീവിതത്തിന്റെ സാക്ഷ്യം ചിലങ്കയില്‍ അടയാളപ്പെടുത്തിയത്. വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വെള്ളാർമല സ്കൂളിന് സാരമായ കേടുപാടുകൾ സംഭച്ചിരുന്നു. വെള്ളാർമല സ്കൂൾ കെട്ടിടമാണ് കൂടുതൽ ദുരന്തങ്ങളിൽ നിന്ന് ഒരുപരിധിവരെ പ്രദേശത്തെ രക്ഷിച്ചത്.

'പെട്ടെന്നിരുട്ടിലൂടൊരു വന്‍ പ്രവാഹം, ജലപ്രവാഹം…
മണ്ണും മരങ്ങളും കൂട്ടി കുഴക്കുന്നൊരു മഹാസാഗരം..
ഇരുളിലൂടൊഴുകുന്നു
നാം നിസ്സഹായരായി'

എന്നൊക്കെയും വേദിയില്‍ മുഴങ്ങുമ്പോള്‍ ഒരു വട്ടം കൂടി നടുക്കം മാറാത്ത ഓര്‍മ്മയിലേക്കാണ് കുട്ടികള്‍ സദസ്സിനെകൊണ്ടുപോയത്. കണ്ടും കേട്ടും നിന്നവരിലാക്കെയും നനവ് പടര്‍ത്തുന്നതായിരുന്നു, ഉള്ളുലയ്ക്കുന്നതായിരുന്നു അവരുടെ ചുവടുകള്‍.

വീണ, സാദിക, അശ്വിനി, അഞ്ചല്‍, റിഷിക, ശിവപ്രിയ, വൈഗാ ഷിബു എന്നിവരാണ് വേദിയെ ഉലച്ച നൃത്താവിഷ്‌കാരം അവതരിപ്പിച്ചത്. ഇവരെല്ലാം തന്നെ ചൂരല്‍മലയുടെ ചുറ്റുവട്ടത്തുള്ളവരാണ്. രണ്ടുപേര്‍ ദുരന്തത്തിന്റെ ഇരകളും റിഷികയുടെ വീട് പൂര്‍ണ്ണമായും അഞ്ചലിന്റേത് ഭാഗികമായും ഉരുള്‍പൊട്ടലെടുത്തതാണ്. അതുകൊണ്ടു തന്നെ ജീവിതമാണ് അവർ വേദിയിലെത്തിച്ചതെന്നതില്‍ സംശയമില്ല. നാരായണന്‍ കുട്ടിയെഴുതിയ വരികള്‍ നൃത്താധ്യാപകന്‍ അനില്‍ വെട്ടിക്കാട്ടിരിയാണ് അരങ്ങിലെത്തിച്ചത്.

സര്‍വ്വതും നഷ്ടപ്പെട്ടെങ്കിലും പ്രത്യാശയോടെ അതിജീവനം ഉറപ്പാക്കുന്ന ഒരു ജനതയുടെ പ്രതിബിംബമായി അതിജീവത്തിന്റെ കരുത്തുറ്റ മാതൃകയാണ് അനന്തപുരിയിലെ വേദിയിലും കുട്ടികള്‍ വെച്ചത്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരിധിവാസം അനന്തമായി നീളുന്ന സാഹചര്യത്തിലായിരുന്നു വയനാടിൻ്റെ ഉള്ളുലച്ചിലുകൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടന വേദിയിലും നൊമ്പരമായി മാറിയത്.

Content Highlights: Wayanad Land Slide Vellarmala School students Dance

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us