കൊച്ചി: കൊല്ലം അഞ്ചലില്‍ യുവതിയെയും ഇരട്ട കുഞ്ഞുങ്ങളെയും കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനികരായ പ്രതികളെ സിബിഐ കണ്ടെത്തിയതിൽ നിർണ്ണായകമായി എഐ സാങ്കേതിക വിദ്യ . പ്രതികളായ കൊല്ലം അലയമണ്‍ ചന്ദ്രവിലാസത്തില്‍ ദിബില്‍കുമാര്‍ (41), കണ്ണൂര്‍ ശ്രീകണ്ഠാപുരം ക്രൈതപ്രം പുതുശേരി വീട്ടില്‍ രാജേഷ് (46) എന്നിവരെ 18 വര്‍ഷത്തിന് ശേഷമാണ് പുതുച്ചേരിയില്‍ നിന്നും പൊലീസ് പിടികൂടിയത്. പ്രതികളില്‍ ഒരാളുടെ ജീവിത പങ്കാളിയായ അധ്യാപിക പുതുച്ചേരിയില്‍ നിന്ന് സ്വന്തം സാമൂഹിക മാധ്യമ അക്കൗണ്ടില്‍ ചിത്രം പങ്കുവെച്ചതാണ് വിനയായത്. ഏകദേശം 10,000 സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷമാണ് അന്വേഷണസംഘം പ്രതികളിലേക്ക് എത്തിയത്.
ഒളിവില്‍ പോകുമ്പോള്‍ ദിബില്‍കുമാറിന് 23 വയസ്സും രാജേഷിന് 28 വയസ്സുമായിരുന്നു പ്രായം. പത്തുവര്‍ഷമായി ഒളിവില്‍ കഴിയുന്ന പ്രതികളുടെ ചിത്രങ്ങള്‍ കേരള പൊലീസിന്റെ സഹായത്തോടെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കുകയായിരുന്നു. അന്നത്തെ ഇവരുടെ ലഭ്യമായ ചിത്രങ്ങള്‍ ശേഖരിച്ച ശേഷം ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും രൂപത്തിലുണ്ടാകുന്ന മാറ്റം എഐയുടെ സഹായത്തോടെ അന്വേഷണസംഘം ചിത്രീകരിച്ചു.
ഈ ചിത്രങ്ങളുമായി സാദൃശ്യമുള്ള ആരുടേയെങ്കിലും ചിത്രങ്ങള്‍ നിരീക്ഷണത്തിലുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്താല്‍ പൊലീസിന്റെ സൈബര്‍ കുറ്റാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് ലഭിക്കുമായിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ പത്തിലധികം അലര്‍ട്ടുകള്‍ ഇത്തരത്തില്‍ ലഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് അധ്യാപിക യാത്രക്കിടെ എടുത്ത ഒരു കുടുംബ ചിത്രം സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.
തുടര്‍ന്ന് അന്വേഷണ സംഘം രണ്ടാഴ്ച്ചയോളം അധ്യാപികയുടെ പോസ്റ്റുകള്‍ നിരീക്ഷിക്കുകയായിരുന്നു. ഇവര്‍ നേരത്തെ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ പരിശോധിച്ച ശേഷമാണ് യുവാവിനെ നേരിട്ട് നിരീക്ഷിക്കാന്‍ പുതുച്ചേരിയിലെത്തിയത്. ഇയാള്‍ നടത്തുന്ന സ്ഥാപനത്തില്‍ കണ്ടെത്തിയ മറ്റൊരാളുമായി രണ്ടാമത്തെ പ്രതിയുടെ എഐ ചിത്രത്തിനും സാദൃശ്യം കണ്ടെത്തിയതോടെ സിബിഐ സംഘം പ്രതികളെ ചോദ്യം ചെയ്യുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ 2006 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇരുവരും അവധിയിലായിരുവെന്ന് പൊലീസ് കണ്ടെത്തി. രാജ്യത്തിനകത്തും പുറത്തും അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ഇരുവരെയും കുറിച്ച് പൊലീസിന് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ആദ്യം 50,000 രൂപ ഇനാമും പിന്നീടത് രണ്ട് ലക്ഷവുമാക്കിയിരുന്നു. കഴിഞ്ഞ 5 വര്‍ഷമായി ഇവരെക്കുറിച്ച് സിബിഐ അന്വേഷണം നടത്തിവരികയായിരുന്നു.
2006 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ രഞ്ജിനിയും രണ്ട് പെണ്‍കുഞ്ഞുങ്ങളും കൊല്ലപ്പെട്ട കേസില്‍ സൈനികരായ പ്രതികൾക്ക് പങ്കുണ്ടെന്ന് സംസ്ഥാന പൊലീസും സിബിഐയും കണ്ടെത്തിയിരുന്നു. അവിവാഹിതയായിരുന്നു രഞ്ജിനി. 2006 മുതല്‍ പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു. സൈന്യത്തിലേക്ക് ഇവര്‍ തിരികെ പോയതുമില്ല. ഇരുവരും രാജ്യത്തിന് പുറത്തേക്ക് പോയി എന്ന രീതിയിലായിരുന്നു അന്വേഷണം. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചകളിലായി ഇവരെക്കുറിച്ചുള്ള വിവരം ചെന്നൈ യൂണിറ്റിലെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പോണ്ടിച്ചേരിയില്‍ നിന്ന് പിടികൂടിയത്. മറ്റൊരു വിലാസത്തിലും വ്യാജപേരുകളിലുമായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഇരുവരും വിവാഹിതരായിരുന്നു. ഈ വിവാഹത്തില്‍ ഇവര്‍ക്ക് കുട്ടികളുണ്ട്. ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തിവരികയായിരുന്നു ഇരുവരും.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ദിബില്‍ കുമാറിന് രഞ്ജിനിയില്‍ രണ്ട് കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു. എന്നാല്‍ കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ദിബിൽ കുമാര്‍ തയ്യാറായില്ല. ഇതോടെ രഞ്ജിനിയും കുടുംബവും ദിബിൽ കുമാറിനെതിരെ വനിതാ കമ്മീഷന്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി. ഇതിന് പിന്നാലെ കുട്ടികളുടെ ഡിഎന്‍എ അടക്കം പരിശോധിക്കാന്‍ വനിത കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഈ സമയത്താണ് തെളിവുകള്‍ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രഞ്ജിനിയേയും കുഞ്ഞുങ്ങളേയും കൊലപ്പെടുത്താന്‍ ദിബിൽ കുമാര്‍ തീരുമാനിച്ചത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയം ദിബില്‍ കുമാറും രാജേഷും അവിടെയെത്തി ഇവരെ കൊലപ്പെടുത്തുകയായിരുന്നു. രഞ്ജിനിയേയും കുഞ്ഞുങ്ങളെയും കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.
Content Highlights: anchal murder the accused were caught through AI Technology