സ്ത്രീത്വത്തെ അവഹേളിക്കുന്ന കമന്റുകൾ; ഇരുപത്തിയേഴ് പേർക്കെതിരെ പരാതി നൽകി ഹണി റോസ്

ഞൊടിയിടയിലാണ് ഹണി റോസിന്റെ പോസ്റ്റ് വൈറലായത്

dot image

കൊച്ചി∙ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടവർക്ക് എതിരെ പരാതി നൽകി നടി ഹണി റോസ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഇരുപത്തിയേഴ് പേർക്കെതിരെയാണ് ഹണി റോസ് പരാതി നൽകിയത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവർക്ക് മുന്നറിയിപ്പുമായി നടി രാവിലെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാൽ ഇനി ഈ വിഷയത്തിൽ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഹണി റോസിന്റെ പോസ്റ്റിന്റെ പൂർ‌ണരൂപം ഇങ്ങനെ

'ഒരു വ്യക്തി ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ മനഃപൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്റ്സ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനഃപൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.

പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക്‌ അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ (sexually coloured remarks ) ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്.

ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്. അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല,' ഹണി റോസ് പറഞ്ഞു.

ഞൊടിയിടയിലാണ് ഹണി റോസിന്റെ പോസ്റ്റ് വൈറലായത്. പിന്നാലെ ആരാണ് ആ വ്യക്തിയെന്നറിയാനുള്ള തിരച്ചിലിലാണ് ആരാധകർ.

Content Highlights: Honey Rose files complaint against 27 people

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us