കാട്ടാന ആക്രമണത്തില്‍ സംഘര്‍ഷം; പ്രതിഷേധക്കാരെ ന്യായീകരിച്ച് പിവി അന്‍വര്‍ എംഎല്‍എ

അടച്ചിട്ട ഡിഎഫ്ഒ ഓഫീസ് അടിച്ചുതകര്‍ത്ത് അകത്തുകയറിയ ഡിഎംകെ പ്രവര്‍ത്തകരെ പൊലീസ് പിന്നീട് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു

dot image

നിലമ്പൂരിലെ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ സംഘര്‍ഷം. നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസിലേയ്ക്ക് പി വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു. അടച്ചിട്ട ഡിഎഫ്ഒ ഓഫീസ് അടിച്ചുതകര്‍ത്ത് അകത്തുകയറിയ ഡിഎംകെ പ്രവര്‍ത്തകരെ പൊലീസ് പിന്നീട് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരായാണ് പ്രതിഷേധമെന്നായിരുന്നു എംഎൽഎയുടെ നിലപാട്. പ്രവർത്തകരുടെ വികാരപ്രകടനമാണ് കണ്ടതെന്നായിരുന്നു ആക്രമണത്തെക്കുറിച്ചുള്ള അൻവറിൻ്റെ പ്രതികരണം.

'വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഒരു അന്വേഷണവുമില്ല. സ്വാഭാവികമായും പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധം ഉണ്ടാകും. ഒരു മനുഷ്യന്റെ ജീവനാണ് പോയത്. ഇനിയും ഒരുപാട് മനുഷ്യരുടെ ജീവന്‍ പോവാന്‍ സാധ്യതയുള്ള സാഹചര്യമാണ് ഇവിടെയുള്ളത്. ജനങ്ങള്‍ക്ക് പ്രയാസവും പ്രതിഷേധവും ഉണ്ടാകും', പ്രതിഷേധ മാര്‍ച്ചിനിടെ പി വി അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡിഎഫ്ഒ ഓഫീസിലേയ്ക്ക് പ്രതിഷേധം നടത്തിയ ഡിഎംകെ പ്രവര്‍ത്തകര്‍ ഓഫീസിലെ വസ്തുക്കള്‍ നശിപ്പിച്ചതിലും അന്‍വര്‍ എംഎല്‍എ പ്രതികരിച്ചു. 'പ്രവര്‍ത്തകരുടെ വികാരപ്രകടനമാണ് അവിടെ കണ്ടത്. അതില്‍ നമുക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതില്‍ പരിധിയുണ്ട്. ചെയ്യരുതെന്ന് പറയാന്‍ മാത്രമേ സാധിക്കൂ. ജനവികാരം മനസ്സിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കണം. മന്ത്രി ഇതുവരെ ഈ വഴിക്ക് വരികയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. വിഷയത്തിലിടപെടാന്‍ അവര്‍ തയ്യാറാവണം', പി വി അന്‍വര്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

അതേസമയം കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നിലമ്പൂരിലെ ആദിവാസി യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായം വാഗ്ദാനം ചെയ്ത് വനം മന്ത്രി എ കെ ശശീന്ദ്രന്‍ രംഗത്തെത്തിയിരിക്കുകയാണ്. വന്യജീവി ആക്രമണ തോത് കുറഞ്ഞു വരികയാണ്. മരണ നിരക്ക് കുറച്ചു കൊണ്ടുവരാനാണ് വനം വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത് പാമ്പ് കടിയേറ്റാണെന്നും അദ്ദേഹം പറഞ്ഞു. വന നിയമ ഭേദഗതിയില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ കൊണ്ട് വരും. ജനങ്ങള്‍ക്ക് പ്രായോഗികമായ നിയമങ്ങള്‍ മാത്രമേ നടപ്പിലാക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

മലപ്പുറം കരുളായി നെടുങ്കയത്ത് പൂച്ചപ്പാറ നഗർ കോളനയിലെ മണി (37)യാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു. പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കാർ വിഭാഗത്തിൽ പെട്ടയാളാണ് മണി. ക്രിസ്മസ് അവധി കഴിഞ്ഞ് മകൾ മീനയെ പട്ടികവർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കാർത്തിക്, കുട്ടിവീരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

മാഞ്ചീരി കന്നിക്കൈ വരെ ഇവർ ജീപ്പിലെത്തി. പൂച്ചപ്പാറയിലെ അള ലക്ഷ്യമാക്കി നടക്കുന്നതിനിടെ രാത്രി 7 മണിക്കാണ് ആക്രമണം ഉണ്ടായത്. 9.30ന് ആണ് വനപാലകർക്ക് സംഭവത്തിൻറെ വിവരം ലഭിച്ചത്. മണിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ടായിരുന്നു. രക്തം വാർന്ന നിലയിലാണ് ജീപ്പിൽ ചെറുപുഴയിൽ എത്തിച്ചത്. അവിടെനിന്ന് ആംബുലൻസിൽ കയറ്റി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: P V Anvar MLA against Forest Department after elephant attack death at nilambur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us