നിലമ്പൂര്‍: തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഭരണകൂട ഭീകരതയാണെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മോദിയേക്കാള്‍ വലിയ ഭീകരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും യഥാര്‍ത്ഥ വിഷയത്തില്‍ അടിയന്തര നടപടിയില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാര്‍?. മലയോര മേഖലയിലെ ജനങ്ങള്‍ ജീവിക്കുന്നത് ഭീതിയോടെ. അവരുടെ പ്രശ്‌നങ്ങളില്‍ എംഎല്‍എ എന്ന നിലയില്‍ ഇടപെടും. രഹസ്യമായി കാര്യങ്ങള്‍ നടത്താനുള്ള പിണറായിയുടെ നീക്കം പൊളിഞ്ഞു. കാര്യങ്ങള്‍ പരസ്യമായി ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുകയാണ് ചെയ്തത്. പിണറായിയുടെ വീടിന് ചുറ്റുമുള്ള ക്രിമിനലുകളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറല്ല. ജനങ്ങള്‍ക്ക് വേണ്ടി പ്രതിഷേധിച്ചതിനാണ് അറസ്റ്റ്. എംഎല്‍എയ്ക്ക് പോലും കേരളത്തില്‍ ഇതാണ് അവസ്ഥയെന്നും അന്‍വര്‍ പറഞ്ഞു.
അറസ്റ്റിന് ഈ ഭീകരാന്തരീക്ഷം സൃഷ്ടിക്കേണ്ട കാര്യമില്ല. ഇത്രയും നാടകീയത ഉണ്ടാക്കാന്‍ ക്രിമിനല്‍ കേസൊന്നും ചെയ്തിട്ടില്ല. കൊലപാതക്കേസിലെ പ്രതിയല്ല താന്‍. വനമേഖലയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രതിഷേധിച്ചത് തെറ്റാണോ. ക്രൈസ്തവ മേഖലയില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളിലും താന്‍ പ്രതിഷേധിക്കും. മലയോര മേഖലയിലെ നടത്തുന്ന ഇടപെടല്‍ തുടരും. അതിന് തടയിടുക എന്നത് ആരുടെയൊക്കെയോ താത്പര്യമാണ്. സര്‍ക്കാറിന് ഒരു ഉത്തരവാദിത്തവുമില്ലെന്നും അന്‍വര്‍ പറഞ്ഞു.
ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന ബില്ല് കൊണ്ടുവരുന്നത് സംസ്ഥാന സര്‍ക്കാര്‍. അറസ്റ്റിനോട് പൂര്‍ണമായും സഹകരിക്കും. നിയമത്തിന് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. തന്നെ ജയിലിലാക്കാന്‍ നീക്കം നടക്കുന്നു. പ്രതിപക്ഷം ഇക്കാര്യങ്ങള്‍ തിരിച്ചറിയണം. നിയമഭേദഗതി നടപ്പിലാക്കുന്നത് തടയാന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ഇറങ്ങണം. ജയിലില്‍ വെച്ച് തന്നെ കൊലപ്പെടുത്തുമോ എന്ന് അറിയില്ല. ജീവനുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ തുടര്‍ന്നും പ്രതിഷേധിക്കും. ഇതിന്റെ ബാക്കി താന്‍ പുറത്തിറങ്ങിയ ശേഷം കാണിച്ച് തരാം. മലയോര മേഖലയിലെ ജനങ്ങള്‍ക്കൊപ്പം എന്ത് വിലകൊടുത്തും നില്‍ക്കുമെന്നും അന്‍വര്‍ പറഞ്ഞു.
Content Highlights: State terror, Pinarayi is a bigger terrorist than Modi; PV Anvar before his arrest