തിരുവനന്തപുരം: മൈലാഞ്ചിയിട്ട കൈകളിലും കാലുകളിലും ചോരപൊടിഞ്ഞിട്ടും താളംപിഴയ്ക്കാതെ ഒപ്പന പൂർത്തിയാക്കി വയനാട് പിണങ്ങോട് ഡബ്ല്യൂ ഒഎച്ച്എസ്എസിലെ മത്സരാർത്ഥികൾ. കൈകളിൽ അണിഞ്ഞ കുപ്പിവളകൾ പൊട്ടി ഒപ്പന കളിച്ച മൂന്ന് കൂട്ടികൾക്ക് പരിക്കേൽക്കുകയായിരുന്നു.
കൈകൊട്ടുന്ന താളത്തിനൊപ്പം കുപ്പിവളകൾ പെട്ടിവീണ ചില്ല് കാലിൽ തറച്ച് കയറി നിയ മഹ്റിൻ എന്ന വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കൂട്ടുകാരികളായ മിൻഹ ഫാത്തിമയ്ക്കും അമിന മനാനും പൊട്ടിയ വളയുടെ ചില്ല് കൊണ്ട് കൈത്തണ്ടയിൽ ചോര പൊടിയുകയായിരുന്നു. മത്സരം ആവേശകരമായി മുന്നേറവെ പരിക്ക് പറ്റിയെങ്കിലും മൂവരും ഒരുഭാവവ്യത്യാസവുമില്ലാതെ ഒപ്പന തുടരുകയായിരുന്നു. 'ഇതൊക്കെ എന്ത്' എന്ന ഭാവത്തിലായിരുന്നു മൂവരും കൂട്ടുകാരികൾക്കൊപ്പം ഒപ്പന മത്സരം പൂർത്തിയാക്കിയത്. മത്സരത്തിന് പിന്നാലെ മെഡിക്കൽ റൂമിലെത്തി മൂവരും ചികിത്സതേടി. നിയ മഹ്റിൻ്റെ കാലിലെ മുറിവിൽ പൊട്ടിയ വളചില്ലിൻ്റെ തരികൾ ഉണ്ടായിരുന്നു.
Content Highlights: They completed Oppana having their hands and legs injured