വൈവിധമാര്‍ന്ന കലാരൂപങ്ങളാല്‍ സമ്പന്നമായ സ്‌കൂള്‍ കലോത്സവത്തിന്റെ വേദികളില്‍ ഇത്തവണ പുത്തൻ അരങ്ങേറ്റക്കാരുമുണ്ട്. പണിയ നൃത്തം, മംഗലം കളി, ഇരുള നൃത്തം, പളിയ നൃത്തം, മലപ്പുലയ ആട്ടം എന്നീ അഞ്ച് ഗോത്രകലകളാണ് തിരുവനന്തപുരത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പുതിയ മത്സരയിനങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കാണികള്‍ക്ക് തികച്ചും വ്യത്യസ്തമായ അനുഭവമാണ് പണിയനൃത്തം ഉള്‍പ്പെടെയുള്ള ഗോത്ര കലാരൂപങ്ങള്‍ സമ്മാനിച്ചത്. ഗോത്രവര്‍ഗങ്ങളില്‍ നിന്ന് കലോത്സവ വേദികള്‍ കീഴടക്കിയ തദ്ദേശീയകലകള്‍ എന്താണെന്ന് നോക്കാം.
വയനാട് ജില്ലയിലെ പണിയ വിഭാഗക്കാരുടെ ഇടയിലുള്ള കലാരൂപമാണ് പണിയ നൃത്തം. വട്ടക്കളി, കമ്പളക്കളി എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു. വൃത്താകൃതിയില്‍ നിന്നുകൊണ്ട് ചുവടുവെയ്ക്കുന്നതിനാലാണ് ഇതിന് വട്ടക്കളി എന്ന പേര് വന്നത്.
വിശേഷ അവസരങ്ങളിലും ഒഴിവു സമയങ്ങളിലും പണിയ കുടിലുകളില്‍ വട്ടക്കളി അവതരിക്കാറുണ്ട്. അരാട്ടിത്തുണിയും കുന്നിക്കുരു കൊണ്ടുള്ള കമ്മലും കാശിമാലയും ഒറ്റച്ചേലയുമാണ് സ്ത്രീകളുടെ വേഷം. മൂന്ന് പുരുഷന്‍മാര്‍ ചേര്‍ന്ന് കൊട്ടുന്ന തുടിയുടെ താളത്തില്‍ സ്ത്രീകള്‍ ചുവടു വെക്കുന്നതാണ് ഈ കലാരൂപത്തിന്റെ രീതി. ചീനി ഊത്തില്‍ വിദഗ്ധനായ മറ്റൊരാളും പണിയനൃത്തത്തില്‍ ഉണ്ടായിരിക്കും.
തുടികൊട്ടുകാരനെയോ കുഴലൂത്തുകാരനെയോ അല്ലെങ്കില്‍ ചുവടുവെയ്ക്കുന്ന സ്ത്രീകളില്‍ ആരെങ്കിലുമോ കളിയാക്കിയുള്ള പാട്ടുകളാണ് പണിയനൃത്തത്തിന് ഉപയോഗിക്കുന്നത്. മരണാനന്തര ചടങ്ങുകളില്‍ ഒഴികെയുള്ള മറ്റവസരങ്ങളില്‍ സ്ത്രീകളാണ് പാണിയനൃത്തം അവതരിപ്പിക്കുന്നത്.
കലോത്സവ വേദിയിലെ മറ്റൊരു അരങ്ങേറ്റയിനം. മാവിലന്‍-വേട്ടുവ ആദിവാസി സമൂഹങ്ങളുടെ വിവാഹാഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത കലാരൂപം. തുടിതാളത്തിനൊപ്പം തുളു ഭാഷയിലെ വരികളാണ് മംഗലം കളിയുടെ പ്രത്യേകത. വിവാഹത്തിന്റെ തലേന്ന് സ്ത്രീപുരുന്മാര്‍ പാട്ടിന്റെയും തുടിയുടെയും താളത്തിനൊത്ത് നൃത്തം ചെയ്യുന്നതാണ് രീതി. ആടിപ്പാടി ആവേശം കൂടി അവസാനത്തിലെത്തുമ്പോഴേയ്ക്കും സ്വന്തം ദേഹത്ത് അടിച്ചടിച്ച് കളി പുരോഗമിക്കും. അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളുടെ പ്രതിഷേധമായും ഈ കലാരൂപത്തെ കാണുന്നുണ്ട്.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി പ്രദേശത്തെ ഇരുള സമുദായക്കാര്‍ അവതരിപ്പിക്കുന്ന പരമ്പരാഗത നാടന്‍ കലാരൂപമാണ് ഇരുള നൃത്തം. നൃത്തത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യമുള്ളതാണ് ഈ തനതു കലാരൂപം. പ്രാദേശിക ദൈവമായ മല്ലീശ്വരനെ ഉണര്‍ത്താനാണ് ഇരുളര്‍ നൃത്തം ചെയ്യുന്നത്.
ഒരു ആഘോഷ നൃത്തം എന്നതിലുപരി ഇരുളരുടെ സാംസ്‌കാരത്തോട് ഇഴചേര്‍ന്നു കിടക്കുന്ന കല കൂടിയാണിത്. കൃഷിയോടനുബന്ധിച്ചും ജനനം, പ്രായപൂര്‍ത്തിയാകല്‍, വിവാഹം, മറ്റു ആഘോഷങ്ങള്‍, മരണം എന്നിവയോടനുബന്ധിച്ചുമെല്ലാം ഇവര്‍ നൃത്തം ആടുന്നു.
തുകല്‍, മുള മുതലായവ കൊണ്ട് നിര്‍മിച്ച വാദ്യങ്ങളുടെ താളത്തിലാണ് ഇരുള നൃത്തം ആടുന്നത്. തമിഴും കന്നടയും മലയാളവും കലര്‍ന്ന ഭാഷയാണ് പാട്ടുകളുടെ ഭാഷ. ഗ്രാമങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ രാത്രിയില്‍ പാട്ടും നൃത്തവുമായി രാവിലെ വരെ ഒത്തുചേരുന്ന പതിവുമുണ്ട്.
ഇടുക്കി ജില്ലയിലെ കുമളിയില്‍ താമസിക്കുന്ന പളിയര്‍ എന്ന ആദിവാസി ജനവിഭാഗത്തിന്റെ പാരമ്പര്യ നൃത്തരൂപമാണ് പളിയ നൃത്തം. മഴ പെയ്യുന്നതിനും രോഗ ശമനത്തിനും വേണ്ടിയാണ് ഈ നൃത്തം അവതരിപ്പിച്ചിരുന്നത്. പളിയ വിഭാഗം ആരാധിക്കുന്ന അമ്മദൈവമായ എളാത്ത് പളച്ചി എന്ന ദേവതയെ ആരാധിക്കുന്നതിന് വേണ്ടിയാണ് പളിയ നൃത്തം അവതരിപ്പിക്കപ്പെടുന്നതെന്നും പറയപ്പെടുന്നു.
ഇടുക്കി ജില്ലയിലെ മലപ്പുലയന്‍ ആദിവാസി വിഭാഗത്തില്‍പെട്ടവരുടെ തനത് കലാരൂപമാണ് മലപ്പുലയ ആട്ടം. മാരിയമ്മന്‍, കാളിയമ്മന്‍, മധുരമീനാക്ഷി എന്നീ ദേവതകളെ ആരാധിക്കുന്നതിന്റെ ഭാഗമായാണ് ഈ നൃത്തം അവതരിപ്പിക്കുന്നത്. പാട്ട് പാടുന്നതിന് പകരം ചിക്കു വാദ്യം, കിടിമുട്ടി, കട്ടവാദ്യം എന്നീ ഉപകരണങ്ങളുടെ താളത്തിലാണ് ചുവടുവെയ്ക്കുന്നത്. കോലുകള്‍ അടിച്ച് താളത്തിന്റെ വേഗതയ്ക്ക് അനുസരിച്ച് ചുവടുകള്‍ മാറ്റിയാണ് നൃത്തം ചെയ്യുന്നത്.
Content Highlights: Tribal Arts in Kerala State School Kalolsavam 2025