നാടകങ്ങള്‍ എന്നും സമൂഹത്തിന്റെ പ്രതിഫലനമാവാറുണ്ട്. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അടിച്ചവര്‍ത്തപ്പട്ടവരുടെയും കഥകള്‍ എന്നും നാടകങ്ങള്‍ക്ക് ആധാരമാണ്. അതിനപ്പുറത്തേയ്ക്ക് സമകാലികമായ രാഷ്ട്രീയ വിഷയങ്ങളെ നാടകങ്ങള്‍ അരങ്ങിലെത്തിക്കാറുണ്ട്. ഇത്തരമൊരു നാടകത്തിന് തിരുവനന്തപുരത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയും സാക്ഷിയായി.
സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യവും ഗുസ്തി താരങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളും പ്രമേയമായ നാടകവും നാടക വേദിയിലെ കാണികള്‍ക്ക് മുന്നിലെത്തി. വേദി മൂന്ന് പമ്പയാറില്‍ ഇന്ത്യന്‍ വനിതാ ഗുസ്തി താരം താരം വിനേഷ് ഫോഗട്ടിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള നാടകം കാണികളുടെ ശ്രദ്ധ നേടി. കോഴിക്കോട് ബി ഇ എം ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് 2024ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിനേഷ് ഫോഗട്ടിന്റെ ജീവിതകഥ അരങ്ങിലെത്തിച്ചത്.
പാരിസ് ഒളിംപിക്‌സിലെ ഗുസ്തി ഇനത്തില്‍ നിന്ന് അയോഗ്യയാക്കപ്പെട്ട വിനേഷിനെ ഓര്‍മ്മിപ്പിച്ച നാടകത്തിന് നിറഞ്ഞ കൈയ്യടികളാണ് പ്രേക്ഷകരില്‍ നിന്ന് ഉയര്‍ന്നത്. 'ഫൈറ്ററി'ല്‍ വിനേഷിനെ 'ചിന്ന' എന്ന കഥാപാത്രത്തിലൂടെ വരച്ചിട്ടു. ദുഷ്ടയായ കോച്ചും അരങ്ങിലെത്തി. പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പ്രതീകമായ, ഇന്ത്യയുടെ കായിക ചരിത്രത്തില്‍ തന്നെ നോവായി മാറിയ വിനേഷിന്റെ ജീവിതകഥ കണ്ടുനിന്നവരുടെയും കരളലിയിപ്പിച്ചു.
'ഈ നാടകത്തിന്റെ പ്രേക്ഷകര്‍ കേരളത്തിന്റെ പുരോഗമന സ്വഭാവത്തെ ചൂണ്ടിക്കാണിക്കുന്നതാണ്. കൈയ്യടിക്കേണ്ട സമയത്ത് തന്നെ അവര്‍ കൈയ്യടിക്കുന്നുണ്ട്. ഗോദയില്‍ കറുത്തവര്‍ വിജയിക്കുമ്പോള്‍ കൈയടികളുയരുന്നത് കേരളത്തിന്റെ അഭിമാനമാണ്', നാടകം കാണാനെത്തിയ എ എ റഹീം എംപി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'നാടകം ചെയ്യുകയെന്നതുതന്നെ നമ്മുടെ പ്രതിഷേധങ്ങളെ അടയാളപ്പെടുത്തുകയെന്നാണ്. വെറുതെ ഒരു നാടകം കളിച്ചുപോവുക എന്നതിനപ്പുറം അത് എന്തെങ്കിലും അടയാളപ്പെടുത്തുന്നതാവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഈ വിഷയം തിരഞ്ഞെടുത്തത്. കുട്ടികളും കൂടെനിന്നു. കുട്ടികളുടെ നാലഞ്ച് മാസത്തെ പ്രയത്‌നവും കഷ്ടപ്പാടുമാണ് ഈ നാടകം എന്നായിരുന്നു സംവിധായകൻ്റെ പ്രതികരണം.
നമുക്ക് പറയാനുള്ള കാര്യങ്ങളാണ് നാടകത്തിലൂടെ വിളിച്ചുപറഞ്ഞത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞതായി തോന്നിയിട്ടുമില്ല. നമ്മുടെ നാട്ടില്‍ നടക്കുന്നതും അഡ്രസ് ചെയ്യപ്പെടണമെന്ന് തോന്നിയിട്ടുള്ളതുമായ കാര്യങ്ങളാണ് നാടകത്തിലുള്ളത്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നമ്മള്‍ പറഞ്ഞില്ലെങ്കില്‍ പിന്നെയാരെന്ന ചോദ്യമാണ് മുന്നിലുണ്ടായിരുന്നത്. പറയാനുള്ള കാര്യങ്ങള്‍ ഇനിയും ഇനിയും പറഞ്ഞുകൊണ്ടേയിരിക്കും. കൊള്ളേണ്ടവര്‍ക്ക് കൊള്ളും, പൊള്ളേണ്ടവര്‍ക്ക് പൊള്ളും', നാടകത്തിന്റെ സംവിധായകന്‍ വിനീഷ് റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കി.
പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയെങ്കിലും ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത്. പിന്നാലെ വെള്ളി മെഡലിനായി കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളിയതോടെ വിനേഷിന് മെഡലില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.
Content Highlights: Vinesh Phogat inspired drama in Kerala School Kalolsavam 2024-25