കൊച്ചി : സൈബർ ആക്രമണത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ നടി ഹണി റോസിന് പിന്തുണയുമായി എ എം എം എ. സ്ത്രീത്വത്തെയും, നടിയുടെ തൊഴിലിനേയും, അപഹസിക്കുവാൻ ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ എ എം എം എ അപലപിച്ചു. ഹണി റോസിന്റെ നിയമപോരാട്ടങ്ങൾക്ക് പിന്തുണ നൽകുമെന്നും എ എം എം എ സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
വാർത്താക്കുറിപ്പിന്റെ പൂർണ്ണരൂപം
ഞങ്ങളുടെ അംഗവും മലയാള സിനിമയിലെ പ്രമുഖ അഭിനേത്രി കൂടിയായ കുമാരി ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവാനും, അതുവഴി സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും, അപഹസിക്കുവാനും ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ഇതിനാൽ അപലപിച്ചുകൊള്ളുന്നു. അതോടൊപ്പം തന്നെ പ്രസ്തുത വിഷയത്തിൽ കുമാരി ഹണി റോസ് നടത്തുന്ന എല്ലാ വിധ നിയമപ്പോരാട്ടങ്ങൾക്കും അമ്മ സംഘടന പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും, ആവശ്യമെങ്കിൽ വേണ്ടുന്ന എല്ലാവിധ നിയമസഹായം നൽകുവാൻ ഒരുക്കമാണെന്നും മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അഡ്‌ഹോക്ക് കമ്മിറ്റി ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവർക്ക് മുന്നറിയിപ്പുമായി നടി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്‍റിട്ട
27 പേർക്കെതിരെ ഹണി റോസ് പരാതി നൽകിയിരുന്നു. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ആദ്യ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. കുമ്പളം സ്വദേശി ഷാജി ആണ് പിടിയിലായത്. ഇയാളെ സ്റ്റേഷനിൽ എത്തിച്ചു. കൂടുതൽ അറസ്റ്റ് ഉണ്ടാകുകയെന്നും നടി കൈമാറിയ സ്ക്രീൻഷോട്ടുകൾ അടക്കം പരിശോധിച്ചു വരികയാണ് എന്നും ഡിസിപി അശ്വതി ജിജി പറഞ്ഞു.
Content Highlights: A.M.M.A extends support to actress Honey Rose