ആളില്ലാത്ത യാത്ര അവസാനിപ്പിക്കാൻ കണ്ടെത്തിയ മാർഗ്ഗം; അൻവറിൻ്റെ അറസ്റ്റിൽ സിപിഐഎം ജില്ലാ സെക്രട്ടറി

പി വി അൻവറിൻ്റെ അറസ്റ്റിൽ പൊലീസ് നടപടി നീതിപൂർവ്വമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി വി പി അനിൽ

dot image

മലപ്പുറം: പിവി അൻവറിൻ്റെ അറസ്റ്റിൽ പൊലീസ് നടപടി നീതിപൂർവ്വമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി വി പി അനിൽ. അടഞ്ഞു കിടന്ന സ‍ർക്കാർ ഓഫീസ് തകർത്തത് ഗൂഢാലോചനയെന്നും അനിൽ ആരോപിച്ചു. അറസ്റ്റ് വൈകിച്ചത് അൻവർ തന്നെയെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാണിച്ചു. ആളില്ലാത്ത യാത്ര അവസാനിപ്പിക്കാൻ കണ്ടെത്തിയ മാർഗ്ഗം ആയിരുന്നു ആക്രമണമെന്നും വി പി അനിൽ കുറ്റപ്പെടുത്തി.

എന്ന് മുതലാണ് അൻവറിന് സ‍ർക്കാർ ന്യൂനപക്ഷ വിരുദ്ധമാണെന്ന് തോന്നി തുടങ്ങിയതെന്ന് ചോദിച്ച സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി അൻവറിന് എല്ലാ സാവകാശവും പൊലീസ് നല്‍കിയെന്നും പറഞ്ഞു. മാധ്യമങ്ങളെ കാണാനും വൈദ്യ പരിശോധനയ്ക്കും അവസരം നൽകി. ഫേസ്ബുക്കിൽ പോസ്റ്റ് ഇടാൻ വരെ അവകാശം ലഭിച്ചു. അൻവറിൻറെ ജാഥയ്ക്ക് ആളില്ലാത്ത സ്ഥിതി. അത് അവസാനിപ്പിക്കാൻ കണ്ടെത്തിയ മാർഗ്ഗമാണ് ഇന്നലെ കണ്ടത്. അറസ്റ്റിൽ ഒരു ഗൂഢാലോചനയും ഇല്ലെന്നും വി പി അനിൽ വ്യക്തമാക്കി.

ഒരു എംഎൽഎയുടെ നേതൃത്വത്തിൽ ഓഫീസ് അടിച്ച് തകർത്തിരിക്കുകയാണ്. ഒരു എംഎൽഎയും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടില്ല. നിയമവാഴ്ച പാലിക്കപ്പെടണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാണിച്ചു. അറസ്റ്റ് രാത്രിയിൽ വേണ്ടിയിരുന്നോ എന്ന ചോദ്യത്തിന് പകൽ സർക്കാർ ഓഫീസിൽ ഇത് വേണ്ടിയിരുന്നോ എന്നായിരുന്നു വി പി അനിലിൻ്റെ മറുചോദ്യം. അൻവർ എന്ന പേരാണ് പ്രശ്നം എന്നെല്ലാം പറയുന്നത് വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമമാണ്. പ്രതിപക്ഷം രാഷ്ട്രീയ കാര്യങ്ങൾക്ക് വേണ്ടിയാണ് അൻവറിന് പിന്തുണ നൽകുന്നത്. അൻവർ വനവകുപ്പിനെതിരെ പറയുന്ന ആരോപണങ്ങളിൽ ഒരു കഴമ്പുമില്ലെന്നും വി പി അനിൽ ചൂണ്ടിക്കാണിച്ചു.

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസിൽ ഞായറാഴ്ച രാത്രിയാണ് പി വി അൻവറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് റിമാൻഡിലായ പി വി അന്‍വര്‍ എംഎല്‍എയെ തവനൂര്‍ സബ് ജയിലില്‍ എത്തിക്കുകയായിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അന്‍വറിന് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നവരേയും റിമാന്‍ഡ് ചെയ്തിരുന്നു. ഡിഎംകെ പ്രവര്‍ത്തകരേയും തവനൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി വി അന്‍വര്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയ വിവരം അറിഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കം വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. അറസ്റ്റിന് പിന്നാലെ അന്‍വറിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചിരുന്നു. ഇതിന് ശേഷം പുറത്തിറങ്ങിയ അന്‍വര്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.

Content Highlights: CPIM malappuram district secretary reacts on pv anvar's arrest

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us