കാസർകോട്: ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ ജയിലിൽ കഴിയുന്ന പി വി അൻവറിനെ പുകഴ്ത്തിയും മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചും കെ മുരളീധരൻ. പിണറായി വിജയൻ കേരള ഹിറ്റ്ലറെന്നും ജനങ്ങൾക്കൊപ്പം നിന്നതിനാണ് പി വി അൻവറിനെ അറസ്റ്റ് ചെയ്തത് എന്നും മുരളീധരൻ കുറ്റപ്പെടുത്തി. പീഡനക്കേസിൽ മുകേഷിനെ സംരക്ഷിച്ച സർക്കാരാണ് അൻവറിനെ വീട് വളഞ്ഞു അറസ്റ്റ് ചെയ്തത്. എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം രക്ഷിക്കാൻ ഉള്ള നെട്ടോട്ടത്തിലാണ് എന്നും വകുപ്പ് നോക്കാനുള്ള സമയം മന്ത്രിക്കില്ല എന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.
നിരവധി കോൺഗ്രസ് നേതാക്കളാണ് അൻവറിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. അൻവറിന്റെ അറസ്റ്റ് ഭരണകൂല ഭീകരതയെന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഒരു എംഎല്‍എയെ രാത്രിയില്‍ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. സിപിഐഎമ്മിനെ എതിര്‍ക്കുന്നവരെ അറസ്റ്റ് ചെയ്യുക എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
അറസ്റ്റിലെ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത്. പൊതുമുതല്‍ നശിപ്പിച്ച കേസിന്റെ പേരില്‍ പി വി അന്‍വറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. സിപിഐഎം സമ്മേളനവുമായി ബന്ധപ്പെട്ട് റോഡ് അടച്ച് സ്റ്റേജ് കെട്ടിയപ്പോള്‍ അന്ന് കേസെടുക്കാന്‍ മടിച്ച പോലീസിന് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്നവരുടെ കൂട്ടത്തിലായിരുന്നു. അന്ന് പോലീസ് കാണിക്കാത്ത ആത്മാര്‍ത്ഥത അന്‍വറെ അറസ്റ്റ് ചെയ്യാന്‍ കാണിച്ചിട്ടുണ്ടെങ്കില്‍ അതിനു പിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
അതേസമയം, പി വി അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനത്തിന് കളമൊരുങ്ങുന്നുവെന്ന് സൂചന. ഈ വിഷയം അടക്കം ചർച്ച ചെയ്യാൻ കെപിസിസി അടിയന്തര യോഗം ഈ മാസം 12 ന് ഇന്ദിരാഭവനില്‍ ചേരും. രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ കത്ത് റിപ്പോർട്ടറിന് ലഭിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനൊപ്പം പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചും ഇതോടെ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് വിവരം.
Content Highlights: K Muraleedharan supports PV Anvar