കത്ത് ലഭിച്ചു, വായിച്ചിട്ടില്ല, തെറ്റുകാരനാണെന്ന് കണ്ടാൽ ഏത് കൊമ്പനാണെങ്കിലും നടപടി എടുക്കും: കെ സുധാകരൻ

എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണനും പണം വാങ്ങാൻ ആവശ്യപ്പെട്ടു എന്ന് കൃത്യമായി കത്തിൽ പറയുന്നുണ്ട്

dot image

തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്ന സംഭവത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. എൻ എം വിജയന്റെ കത്ത് ലഭിച്ചിട്ടുണ്ട്, പക്ഷേ വായിച്ചിട്ടില്ല. കത്ത് പരിശോധിച്ച് തെറ്റുകാരനാണെന്ന് കണ്ടാൽ ഏത് കൊമ്പനാണെങ്കിലും നടപടി എടുക്കുമെന്നും പുറത്തുവരുന്ന വിവരങ്ങൾ ​ഗൗരവകരമാണെന്നും കെ സുധാകരൻ പറഞ്ഞു. നേരത്തെ ഈ വിഷയം പരിശോധിച്ച് കെപിസിസി സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. സഹകരണ സംഘങ്ങളിലെ ക്രമക്കേട് ഏത് പാർട്ടിക്കാർ നടത്തിയാലും തെറ്റാണെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

മക്കളെയെങ്കിലും രക്ഷിക്കണം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എൻഎം വിജയൻ കത്തെഴുതിയത്. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിട്ടുള്ളത്. കെപിസിസി പ്രസിഡൻ്റിനും പ്രിയങ്കാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമാണ് കത്തെഴുതിയിരിക്കുന്നത്. എംഎൽഎ ഐസി ബാലകൃഷ്ണന്റെയും വയനാട് സിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെയും പേരുകളടക്കം കത്തിലുണ്ട്. നിയമനത്തിനെന്ന പേരിൽ പണം വാങ്ങിയത് എംഎൽഎ ആണെന്ന് കത്തിൽ പറയുന്നുണ്ട്. വലിയ ബാധ്യതകൾ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണനും പണം വാങ്ങാൻ ആവശ്യപ്പെട്ടു എന്ന് കൃത്യമായി കത്തിൽ പറയുന്നുണ്ട്.

സാമ്പത്തിക പ്രശ്നങ്ങൾ അച്ഛൻ നേരിട്ടിരുന്നതായി സംശയം തോന്നിയിരുന്നു. എന്നാൽ അച്ഛൻ തങ്ങളോട് വിശദമായി ഒന്നും സംസാരിച്ചിട്ടില്ലെന്ന് എൻഎം വിജയൻ്റെ കുടുംബം റിപ്പോർട്ടറിനോട് പ്രതികരിച്ചു. കാര്യം എന്താണെന്ന് ചോദിച്ചാലും എല്ലാം ശരിയാകും എന്ന് മാത്രമാണ് പറഞ്ഞത്. ഒരു ഡിസിസി ട്രഷറർ മരിച്ചിട്ട് ഒരു കോൺ​ഗ്രസ് നേതാവ് പോലും തങ്ങളെ വിളിക്കുകയോ ആശ്വാസവാക്ക് പറയുകയോ ചെയ്തിട്ടില്ലെന്നും മകൻ വിജേഷ് പറഞ്ഞു. പുറത്ത് മറ്റ് വലിയ പ്രശ്നങ്ങൾ നടക്കുമ്പോഴും കുടുംബ പ്രശ്നമായി മാത്രം ചുരുക്കാനായിരുന്നു പാർട്ടിയുടെ നീക്കം. കത്ത് ആദ്യം നാല് പേർക്ക് അയക്കണമെന്നും അവരിൽ നിന്ന് പ്രതികരണം ഉണ്ടായില്ലെങ്കിൽ മാത്രമാണ് കത്ത് പൊലീസുകാർക്ക് പോലും നൽകേണ്ടതുള്ളൂവെന്നുമായിരുന്നു അച്ഛൻ പറഞ്ഞതെന്നും മരുമകളായ പത്മജ പ്രതികരിച്ചു.

ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻഎം വിജയനേയും മകൻ ജിജേഷിനേയും വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു.

Content Highlight; K Sudhakaran says will take action against accused in NM Vijayan's death case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us