നിലമ്പൂര്‍: പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ യുഡിഎഫുമായി കൈകോര്‍ക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇനി ഒറ്റയാള്‍ പോരാട്ടമായിരിക്കില്ല, കൂട്ടായ പോരാട്ടം നടത്താനാണ് തീരുമാനം. അതിനായി എന്ത് വീട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും പി വി അന്‍വര്‍ പറഞ്ഞു. അറസ്റ്റില്‍ പിന്തുണയുമായിഎത്തിയ യുഡിഎഫ് നേതാക്കള്‍ക്ക് പി വി അന്‍വര്‍ നന്ദി പറയുകയും ചെയ്തു. നിലമ്പൂര്‍ ഫോറസ്റ്റ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു അന്‍വറിന്റെ പ്രതികരണം.
ഇന്ന് വൈകിട്ട് എട്ടരയോടെയാണ് അന്‍വര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. അന്‍വറിനെ സ്വീകരിക്കാന്‍ ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കം ജയിലിന് പുറത്ത് കാത്തുനിന്നിരുന്നു. പുറത്തിറങ്ങിയതോടെ മധുരം നല്‍കി പ്രവര്‍ത്തകര്‍ അന്‍വറിനെ സ്വീകരിച്ചു. പൊതുസമൂഹം അടക്കം തനിക്ക് പിന്തുണ നല്‍കിയെന്നും ആദ്യം ദൈവത്തിന് നന്ദി പറയുകയാണെന്നും അന്‍വര്‍ പറഞ്ഞു. മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരന്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ പിന്തുണ നല്‍കി. എല്ലാവര്‍ക്കും നന്ദി പറയുകയാണ്. ജുഡീഷ്യറിയില്‍ നിന്ന് നീതി ലഭിച്ചുവെന്നും അന്‍വര്‍ പറഞ്ഞു.
പിണറായി സര്‍ക്കാരിന് തിരിച്ചടി മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും അന്‍വര്‍ പറഞ്ഞു. സര്‍ക്കാര്‍ സ്വയം കുഴികുത്തിക്കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. വനഭേദഗതി നിയമംകാരണം ക്രൈസ്തവ സമൂഹം സര്‍ക്കാരില്‍ നിന്ന് അകന്നു. വന്യജീവി ശല്യം കാരണം ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വനഭേദഗതി നിയമം നടപ്പിലായാല്‍ ഉദ്യോഗസ്ഥര്‍ക്ക് അമിത അധികാരം ലഭിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സ്വാഭാവിക വികാരപ്രകടനമാണ് ഡിഎംകെ പ്രവര്‍ത്തകര്‍ നടത്തിയതെന്നും അന്‍വര്‍ പറഞ്ഞു. ഫോറസ്റ്റ് ഓഫീസില്‍ കാര്യമായ നാശനഷ്ടമുണ്ടായില്ല. രണ്ട് പ്ലാസ്റ്റിക് കസേര, ട്യൂബ് ലൈറ്റ്, ഫാന്‍ അടക്കമാണ് തകര്‍ന്നത്. രണ്ടായിരത്തോളം രൂപയുടെ നാശനഷ്ടത്തിനാണ് 35,000 രൂപ കെട്ടിവെച്ചത്. സിപിഐഎമ്മിന് തങ്ങളുടെ സമരം അരോചകമായി തോന്നാമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ഫേറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചത്. നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. അന്‍പതിനായിരം രൂപയുടെ വീതം രണ്ട് ആള്‍ജാമ്യം, ഒന്നിടവിട്ട ബുധനാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവെയ്ക്കണം, ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, സമാന കുറ്റകൃത്യത്തില്‍ പങ്കാളിയാകരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. അന്‍വറിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു.
Content Highlights- P V Anvar mla reaction after released from jail on forest office attack case