മലപ്പുറം: ജയിലിൽ നിന്ന് മോശം അനുഭവം നേരിട്ടതായി പി വി അൻവർ എംഎൽഎ. സാധാരണ തടവുകാർക്ക് ലഭിക്കുന്നതിൽ നിന്ന് ഒരു കട്ടിൽ മാത്രമാണ് ലഭിച്ചത്. വ്യക്തിപരമായി സംശയം തോന്നിയതിനാൽ ഉച്ചഭക്ഷണം കഴിക്കാൻ സാധിച്ചില്ലെന്നും പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ജയിലില്‍ എല്ലാം മോശമാണെന്ന അഭിപ്രായം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എംഎൽഎ എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണന ലഭിച്ചിട്ടില്ല. രാവിലെ ഒരു ചായയും ഒരു കഷണം ചപ്പാത്തിയും കഴിച്ചു. ജയിലില്‍ എല്ലാം മോശമാണെന്ന അഭിപ്രായം എനിക്കില്ല. തടവുകാരുമായി സംസാരിച്ചു. മോശമല്ലാത്ത രീതിയില്‍ ജയില്‍ അധികാരികള്‍ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്', പി വി അന്‍വര്‍ പറഞ്ഞു.
'സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്നതില്‍നിന്ന് ഒരു കട്ടില്‍ മാത്രമാണ് അധികമായി അനുവദിച്ചത്. ഒരു തലയിണ ചോദിച്ചിട്ട് തന്നില്ല. വ്യക്തിപരമായി സംശയം തോന്നിയതുകൊണ്ട് ഉച്ചഭക്ഷണം കഴിച്ചില്ല. പലര്‍ക്കും വിഷം കൊടുത്തും കത്തിയെടുത്ത് കുത്തിയും ഒക്കെ കൊന്ന് പരിചയമുള്ളവരാണല്ലോ? ചിലപ്പോള്‍ എന്റെ തോന്നലാവാം, എന്നാല്‍ സ്വാഭാവികമായി എനിക്ക് സംശയം തോന്നി. അതുകൊണ്ടാണ് ഭക്ഷണം കഴിക്കാത്തത്', അന്‍വര്‍ പറഞ്ഞു.
ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചത്. നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്‍പതിനായിരം രൂപയുടെ വീതം രണ്ട് ആള്‍ജാമ്യം, ഒന്നിടവിട്ട ബുധനാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവെയ്ക്കണം, ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, സമാന കുറ്റകൃത്യത്തില്‍ പങ്കാളിയാകരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. അന്‍വറിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു.
ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി വി അന്‍വര്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. അറസ്റ്റിന് പിന്നില്‍ ഭരണകൂട ഭീകരതയെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. അന്‍വറിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം രംഗത്തെത്തിയിരുന്നു
നിലമ്പൂരില്‍ കാട്ടനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി വി അന്‍വറിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്‍വറിന് പുറമേ പത്ത് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരുന്നു.
Content Highlight: PV Anvar MLA says he faced bad experiences in jail