'അൻവറിന്റെ അറസ്റ്റ് പ്രതികാര നടപടി, കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല'; പിന്തുണയുമായി വി ഡി സതീശൻ

'നിയമസഭ തല്ലിത്തകര്‍ത്തവര്‍ മന്ത്രിയും എംഎല്‍എയുമായി തുടരുമ്പോഴാണ് അന്‍വറിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്'

dot image

തിരുവനന്തപുരം: പി വി അൻവറിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരനടപടിയെന്നും പിന്നിൽ ഉന്നത ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി വിജയനെയും ഉപജാപക സംഘത്തെയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത് എന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

നിരന്തരം ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ വരുത്തുന്ന ഗുരുതരമായ വീഴ്ചയെയും ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വനനിയമത്തിലെ ഭേദഗതിയെയും എതിര്‍ത്താണ് അന്‍വറിൻ്റെ നേതൃത്വത്തില്‍ സമരം നടന്നത്. സമരത്തില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പൊലീസ് നോട്ടീസ് നല്‍കിയാല്‍ ഹാജരാകുന്ന ആളാണ് ജനപ്രതിനിധിയായ പി.വി അന്‍വര്‍. അതിന് പകരം രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്താണ് എന്ന് വി ഡി സതീശൻ ചോദിച്ചു. നിയമസഭ തല്ലിത്തകര്‍ത്തവര്‍ മന്ത്രിയും എംഎല്‍എയുമായി തുടരുമ്പോഴാണ് അന്‍വറിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിലും വനനിയമത്തിലെ ഭേദഗതികള്‍ പിന്‍വലിക്കുന്നതിനും നടപടി ഉണ്ടായില്ലെങ്കില്‍ ഇനിയും ശക്തമായ സമരങ്ങളുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയും ഇതേ രീതിയില്‍ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തതും വി ഡി സതീശൻ ഓർമിപ്പിച്ചു. ജനകീയ സമരങ്ങളുടെ പേരില്‍ നിരവധി യുഡിഎഫ് പ്രവര്‍ത്തകരെയും സമാനരീതിയില്‍ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്കെതിരെ കേസില്ല. വിദ്യാര്‍ഥി യുവജന നേതാക്കളുടെ തലതല്ലിപ്പൊളിച്ച ഡി വൈ എഫ് ഐ ക്രിമിനലുകള്‍ക്കെതിരെയും കേസെടുത്തില്ല. 'രക്ഷാപ്രവര്‍ത്തനത്തിന്' ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയും കുറ്റവിമുക്തനാണ്. ഇരട്ട നീതി കേരളത്തിന് ഭൂക്ഷണമല്ല എന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ലെ എന്ന് ഓർക്കുക എന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.

Content Highlights: VD Satheesan supports PV Anvar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us