ഉമാ തോമസിന് പരിക്കേറ്റ അപകടം; ഓസ്കാർ ഇൻ്റർനാഷണൽ ഇവൻ്റ്സ് ഉടമ പി എസ് ​ജിനീഷ് കുമാർ പൊലീസ് കസ്റ്റഡിയിൽ

ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല.

dot image

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിൽ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വീണു പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇൻ്റർനാഷണൽ ഇവൻ്റ്സ് ഉടമ പി എസ് ​ജിനീഷ് കുമാർ പൊലീസ് കസ്റ്റഡിയിൽ. തൃശ്ശൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല. കേസിൽ അഞ്ച് പേരെ പൊലീസ് പ്രതി ചേർത്തിരുന്നു. ഇതിൽ മൃദംഗ വിഷൻ സിഇഒ ഷമീർ അബ്‌ദുൾ റഹിം ഇവന്‍റ് മാനേജ്‌മന്‍റ് കമ്പനി മാനേജർ കൃഷ്ണകുമാർ, സ്റ്റേജ് ഡെക്കറേഷൻ സംഘത്തിലെ ബെന്നി എന്നിവർക്ക് ഇടക്കാല ​ജാമ്യം അനുവദിച്ചിരുന്നു.
പ്രതികളുടെ ​ജാമ്യാപേക്ഷയിൽ എറണാകുളം ​ജില്ലാ ഫസ്റ്റ് ക്സാസ് ജുഡീഷ്യൽ കോടതി ഉത്തരവ് പറയും.

കൊച്ചിയിൽ നടന്ന പരിപാടിയിൽ നിരവധി പ്രശന്ങ്ങൾ പൊലീസ് ചൂണ്ടികാട്ടിയിരുന്നു. സ്റ്റേഡിയം വാടകയ്ക്ക് എടുക്കാൻ ഒപ്പിട്ട് നൽകിയത് മൃദം​ഗ വിഷൻ എം ഡിയായ നി​ഗോഷ് കുമാറാണെങ്കിലും അനുമതി പത്രം ഉൾപ്പടെ കൈപറ്റിയത് കമ്പനിയുമായി യാതൊരു ബന്ധവുമില്ലാത്ത ഇവന്‍റ് മാനേജ്മെന്‍റ് ചുമതലയുണ്ടായിരുന്ന കൃഷ്ണകുമാറായിരുന്നു. ഇത്തരത്തിൽ പരിപാടിയുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളെ ഏൽപ്പിച്ചെങ്കിലും യാതൊരു ഔദ്യോഗിക രേഖകളും സംഘാടകരുടെ കൈയിൽ ഇല്ല. ഈ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരിപാടിയുടെ വിശ്വാസ്യത പരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം യഥാർഥ ​ഗിന്നസ് റെക്കോർഡ് തന്നെയാണോ നൽകിയതെന്ന് അറിയാനും ഇതിനായി കൊച്ചിയിലെത്തിയവർ യോ​ഗ്യരാണോ എന്നും സംഘം അന്വേഷിച്ച് വരികയാണ്.

ഇക്കഴിഞ്ഞ 28നാണ് മൃദംഗ വിഷൻ്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ നൃത്തപരിപാടി സംഘടിപ്പിച്ചത്. സിനിമാ താരം ദിവ്യ ഉണ്ണി, സിനിമാ, സീരിയല്‍ താരം ദേവി ചന്ദന അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇതിന് പിന്നാലെ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. സ്റ്റേജ് നിര്‍മിക്കാന്‍ സംഘാടകര്‍ അനുമതി വാങ്ങിയില്ലെന്ന ആരോപണവും ശക്തമായി. ഇക്കാര്യം സ്ഥിരീകരിച്ച് ജിസിഡിഎ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മൃദംഗവിഷന്‍ സിഇഒ ഷമീര്‍ അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പരിപാടി സംഘടിപ്പിക്കാനായി ജിസിഡിഎ 24 നിർദേശങ്ങൾ നൽകിയിരുന്നുവെന്നും ഇതിൽ പലതും പാലിക്കപ്പെട്ടില്ല എന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. സ്വകാര്യ പരിപാടികൾക്ക് വിവിധ വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങേണ്ടതാണ്. പക്ഷെ ഇവയ്‌ക്കെല്ലാം അനുമതി വാങ്ങാത്തത് ശരിയല്ല. വകുപ്പുകളുടെ വീഴ്ച അന്വേഷണ ഘട്ടത്തിൽ ആണെന്നും പിഡബ്ള്യുഡി, പൊലീസ് എന്നിവർക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

Content highlight- Accident that injured Uma Thomas; Oscar International Events owner PS Ginesh Kumar in police custody

dot image
To advertise here,contact us
dot image