ഫോഗട്ടിന്റെ ജീവിതത്തിലൂടെ വേദിയെ കരളലിയിപ്പിച്ച കലാകാരി; എച്ച്എസ്എസ് നാടകമത്സരത്തിലെ മികച്ച നടി അശ്വയ കൃഷ്ണ

ഫൈറ്റര്‍ എന്ന നാടകത്തിലെ ചിന്ന എന്ന കഥാപാത്രത്തെയാണ് അശ്വയ വേദിയിൽ എത്തിച്ചത്

dot image

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ്എസ് നാടകമത്സരത്തിലെ മികച്ച നടി വിനേഷ് ഫോഗട്ടിന്റെ ജീവിതം വേദിയിലെത്തിച്ച കോഴിക്കോട് ബിഇഎം ഗേൾസ് സ്കൂളിലെ അശ്വയ കൃഷ്ണ. പാരിസ് ഒളിമ്പിക്‌സ് വേദിയില്‍ നിന്ന് കണ്ണീരുമായി മടങ്ങിയ വിനേഷ് ഫോഗട്ടിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വിദ്യാർത്ഥികൾ നാടകം അവതരിപ്പിച്ചത്. ഫൈറ്റര്‍ എന്ന നാടകത്തിലെ ചിന്ന എന്ന കഥാപാത്രത്തെയാണ് അശ്വയ വേദിയിൽ എത്തിച്ചത്.

നാടകത്തിന് എ ഗ്രേഡും ലഭിച്ചു. രചനയും സംവിധാനവും നിർവഹിച്ചത് കോഴിക്കോട് സ്വദേശി ബിനിഷ് കെ ആണ്. സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം, മനുഷ്യനും പ്രകൃതിയും, ലിംഗ സമത്വം തുടങ്ങി സമ്മിശ്ര വിഷയങ്ങൾ നാടകത്തിൽ ചർച്ചയായി. മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ഫൈറ്റർ എന്ന നാടകത്തിന് ലഭിച്ചത്.

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ​​ദിവസം വേദി മൂന്ന് പമ്പയാറില്‍ ഇന്ത്യന്‍ വനിതാ ഗുസ്തി താരം താരം വിനേഷ് ഫോഗട്ടിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള നാടകം കാണികളുടെ ശ്രദ്ധ നേടിയിരുന്നു. പാരിസ് ഒളിംപിക്‌സിലെ ഗുസ്തി ഇനത്തില്‍ നിന്ന് അയോഗ്യയാക്കപ്പെട്ട വിനേഷിനെ ഓര്‍മ്മിപ്പിച്ച നാടകത്തിന് നിറഞ്ഞ കൈയ്യടികളാണ് പ്രേക്ഷകരില്‍ നിന്ന് ഉയര്‍ന്നത്. 'ഫൈറ്ററി'ല്‍ വിനേഷിന്റെ കഥാപാത്രത്തിന്റെ പേര് 'ചിന്ന' എന്നായിരുന്നു. ദുഷ്ടയായ കോച്ചും അരങ്ങിലെത്തിയിരുന്നു. പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പ്രതീകമായ, ഇന്ത്യയുടെ കായിക ചരിത്രത്തില്‍ തന്നെ നോവായി മാറിയ വിനേഷിന്റെ ജീവിതകഥ കണ്ടുനിന്നവരുടെയും കരളലിയിപ്പിച്ചിരുന്നു.

പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയെങ്കിലും ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത്. പിന്നാലെ വെള്ളി മെഡലിനായി കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളിയതോടെ വിനേഷിന് മെഡലില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.

Content Highlights: Kozhikode BEM Girls Higher Secondary School Student got best actress in School Kalolsavam

dot image
To advertise here,contact us
dot image