
കോഴിക്കോട്: ഭിന്നിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ. സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് രമ്യമായി മുന്നോട്ടു പോകും. സോഷ്യല്‍ മീഡിയകളിലും മറ്റും അനാവശ്യ ചര്‍ച്ച നടത്തി പരസ്പരം വിദ്വേഷമുണ്ടാക്കരുതെന്നും മുശാവറ അഭ്യര്‍ത്ഥിച്ചു.
സമസ്തയില്‍ തര്‍ക്കപരിഹാരത്തിന് ഉപസമിതി രൂപീകരിച്ചിരുന്നു. എം ടി അബ്ദുള്ള മുസ്ല്യാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. സമസ്ത മുശാവറ യോഗത്തിലാണ് തീരുമാനം. തര്‍ക്ക വിഷയങ്ങള്‍ മുശാവറ പരിഗണിക്കാതെ ഉപസമിതിക്ക് വിട്ടു. ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍. സമസ്ത സെക്രട്ടറിയും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമാണ് എം ടി അബ്ദുള്ള മുസ്ല്യാര്‍.
ഡിസംബറില്‍ നടന്ന മുശാവറ യോഗത്തില്‍നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയത് വലിയ വാര്‍ത്തയായിരുന്നു. ജോയിന്റ് സെക്രട്ടറി ഉമര്‍ഫൈസി മുക്കം നടത്തിയ 'കള്ളന്മാര്‍' പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോയത്. ഉമര്‍ഫൈസി മുക്കം മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ചു പ്രസംഗിച്ചെന്ന് സമസ്ത നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയില്‍ ചര്‍ച്ച നടക്കുന്നതിന് മുന്നോടിയായി ഉമര്‍ ഫൈസി മുക്കത്തിനോട് യോഗത്തില്‍ നിന്നും പുറത്തു നില്‍ക്കാന്‍ ജിഫ്രി തങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഉമര്‍ ഫൈസി മുക്കം ഇതിന് വഴങ്ങാതിരിക്കുകയും ഇതിന്റെ പേരില്‍ ബഹാവുദ്ധീന്‍ നദ്വിയുമായി തര്‍ക്കമുണ്ടാകുകയുമായിരുന്നു. പിന്നാലെ ഉമര്‍ഫൈസി നടത്തിയ 'കള്ളന്മാര്‍' പ്രയോഗമാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോകുന്നതിന് വഴിതെളിച്ചത്.
Content Highlights: 'Contemporary issues will be discussed and resolved amicably and moved forward'; Samastha Mushavara