കൊച്ചി: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസിലെ ശിക്ഷാവിധിയില്‍ തൃപ്തിയില്ലെന്ന് കുടുംബം. പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 12 കൊല്ലം കഴിഞ്ഞാല്‍ പ്രതികള്‍ പുറത്തിറങ്ങുമെന്ന നിരാശയുണ്ടെന്ന് കൊല്ലപ്പെട്ട റിജിത്തിന്റെ സഹോദരി പ്രതികരിച്ചു.
'വിധിയില്‍ സന്തോഷമുണ്ട്. എന്നാല്‍ ആര്‍ക്കും തൂക്കുകയര്‍ കിട്ടിയില്ല. 12 കൊല്ലം കഴിഞ്ഞാല്‍ പ്രതികള്‍ പുറത്തിറങ്ങുമെന്ന നിരാശയുണ്ട്. ഒരു കുടുംബത്തിനും ഈ ഗതി വരരുത്. പാര്‍ട്ടിക്ക് നന്ദി', റിജിത്തിന്റെ സഹോദരി പ്രതികരിച്ചു.
വിധിയില്‍ സന്തോഷമൊന്നും തോന്നുന്നില്ലെങ്കിലും നേരിയ ആശ്വാസമുണ്ടെന്ന് റിജിത്തിന്റെ അമ്മ പറഞ്ഞു. 'നഷ്ടപ്പെട്ടത് എനിക്ക് തിരിച്ചുകിട്ടില്ലല്ലോ. 19 വര്‍ഷവും മൂന്ന് മാസവുമാണ് ഞാന്‍ വിധിക്ക് വേണ്ടി കാത്തിരുന്നത്. വധശിക്ഷയാണ് പ്രതീക്ഷിച്ചത്. ഒരു രാഷ്ട്രീയക്കാരും കൊലക്കത്തിയെടുക്കാന്‍ പാടില്ല. എല്ലാവര്‍ക്കും വിധി ഒരു പാഠമാകട്ടെ. അല്‍പ്പം ആശ്വാസ മാത്രമാണ് എനിക്കുള്ളത്. ഒരായിരം നന്ദി', എന്നാണ് അമ്മ പ്രതികരിച്ചത്. വിധിയില്‍ അപ്പീല്‍ പോകുന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നാണ് സഹോദരി പ്രതികരിച്ചത്.
കേസില്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ച ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. 19 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തില്‍ 10 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ വിചാരണ വേളയില്‍ മരണപ്പെട്ടു. ഇയാള്‍ ഉള്‍പ്പെടെ 10 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ആര്‍എസ്എസ് പ്രവര്‍ത്തകരായ ചുണ്ടയില്‍ വയക്കോടന്‍ വീട്ടില്‍ വി വി സുധാകരന്‍, കെ ടി ജയേഷ്, സി പി രഞ്ജിത്ത്, പി പി അജീന്ദ്രന്‍, ഐ വി അനില്‍, കെ ടി അജേഷ്, വി വി ശ്രീകാന്ത്, വി വി ശ്രീജിത്ത്, പി പി രാജേഷ്, ടി വി ഭാസ്‌കരന്‍ എന്നിവർക്കാണ് കേസിൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.
2005 ഒക്ടോബര്‍ മൂന്ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. രാത്രി ഒമ്പത് മണിയോടെ ചുണ്ട തച്ചന്‍ക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് റിജിത്തിനെ മാരകായുധങ്ങളുമായി പ്രതികള്‍ ആക്രമിക്കുകയായിരുന്നു. സൃഹുത്തുക്കള്‍ക്കൊപ്പം പോകുമ്പോഴാണ് റിജിത്ത് കൊലപ്പെടുന്നത്. അന്ന് വെറും 26 വയസ്സായിരുന്നു റിജിത്തിന്റെ പ്രായം.കുടെയുണ്ടായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ വി നികേഷ്, ചിറയില്‍ വികാസ്, കെ വിമല്‍ തുടങ്ങിയവര്‍ക്ക് വെട്ടേറ്റിരുന്നു. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു. വളപട്ടണം സിഐയായിരുന്ന ടിപി പ്രേമരാജനാണ് കേസ് അന്വേഷിച്ചത്.
Content Highlights: dyfi worker Reejith Murder Case Family response over Verdict