ചിതയ്ക്ക് തീകൊളുത്തി, അച്ഛന്റെ ഷർട്ട് ധരിച്ച് വേദിയിൽ; കലോത്സവ വേദിയിൽ നൊമ്പരമായി ഹരിഹർ

ട്രൂപ്പിന്റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ ബൈക്ക് അപകടത്തിലാണ് അയ്യപ്പദാസ് മരിച്ചത്

dot image

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദിയിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായായിരുന്നു കോട്ടയം ളാക്കാട്ടൂർ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയായ ഹരിഹറും സംഘവും വേദിയിലെത്തിയത്. വൃന്ദവാദ്യ മത്സരത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെ കലോത്സവേദിയിലെത്തിയപ്പോഴാണ് അച്ഛന്റെ മരണവാർത്ത ഹരിഹർ അറിയുന്നത്. അധ്യാപികയ്‌ക്കൊപ്പം വീട്ടിൽ തിരികെയെത്തി ഹരിഹർ അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തി. അച്ഛൻ്റെ ആ​ഗ്രഹം നിറവേറ്റാൻ ഹരിഹർ രാത്രി തന്നെ തലസ്ഥാനത്തേക്ക് വണ്ടി കയറി.

മകൻ കലാകാരനാകണമെന്നതായിരുന്നു ഹരിഹറിന്റെ അച്ഛൻ അയ്യപ്പദാസിന്റെ സ്വപ്നം. കലയെ ഏറെ സ്നേ​ഹിച്ചിരുന്ന അയ്യപ്പദാസ് കോട്ടയം സ്റ്റാർ വോയിസ് ട്രൂപ്പിലെ ​ഗായകൻ കൂടിയായിരുന്നു. ട്രൂപ്പിന്റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ ബൈക്ക് അപകടത്തിലാണ് അയ്യപ്പദാസ് മരിച്ചത്.

വേദിയിലെത്തി ദുഃഖം തളംകെട്ടിയ മുഖവുമായി ഹരിഹറും സുഹൃത്തുക്കളും മത്സരത്തിൽ പങ്കെടുത്തു, ഒന്നാം സ്ഥാനവും നേടി. വെള്ള നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റും ധരിച്ചെത്തിയ സംഘത്തിൽ അച്ഛന്റെ ഷർട്ടും ചെരുപ്പും വാച്ചും ധരിച്ചായിരുന്നു ഹരിഹർ എത്തിയത്. കലോത്സവ വേദിയിലെ ഈ മനക്കരുത്തിനെ കുറിച്ച് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഹരിഹറിനെ കാണാൻ വേ​ദിയിൽ മന്ത്രിയും എത്തിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മകന്‍ കലാകാരനാകണമെന്ന് സ്വപ്നം കണ്ട അച്ഛന്‍ അപ്രതീക്ഷിതമായി വാഹനാപകടത്തില്‍ മരണപ്പെട്ടു. അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തിയ ശേഷം ഇന്നലെ രാത്രി കോട്ടയം കിടങ്ങൂരില്‍ നിന്ന് ആ മകന്‍ ഹരിഹര്‍ ദാസ് വണ്ടി കയറി. ഇന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വൃന്ദവാദ്യത്തില്‍, എന്‍എസ്എസ് ളാക്കാട്ടൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ കൂട്ടുകാര്‍ക്കൊപ്പം അവന്‍ വേദിയില്‍ കയറി. കൂട്ടുകാര്‍ വെള്ളയും കറുപ്പും യൂണിഫോമില്‍ വന്നപ്പോഴും അവന്‍ അവന്റെ അച്ഛന്റെ ഷര്‍ട്ടും, ചെരുപ്പും, വാച്ചും ധരിച്ചാണ് സ്റ്റേജില്‍ കയറിയത്. ഉള്ളില്‍ ദു:ഖം അലകടലായി ഇരമ്പുമ്പോഴും അവന്‍ വേദിയില്‍ പെര്‍ഫോം ചെയ്തു. അവന്റെ ഉള്ളിലെ കണ്ണുനീര്‍ അച്ഛനുള്ള അര്‍ച്ചനയായിരുന്നു. അവനും കൂട്ടുകാര്‍ക്കും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് ലഭിച്ചു. പ്രിയപ്പെട്ട ഹരിക്കും ടീമിനും ആശംസകള്‍.
കോട്ടയം സ്റ്റാർ വോയ്സിലെ ഗായകനായിരുന്ന അയ്യപ്പദാസിന്റെ മകനാണ് ഹരി.

Content Highlight: Harihar whose father died came to compete in Kerala school Kalolsavam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us