കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി നടി ഹണി റോസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹണി റോസ് ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവെച്ചു.
ഹണിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസിക നിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു.
പൊതു വേദികളില്‍ മനഃപൂര്‍വം പിന്തുടര്‍ന്ന് ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ ഒരു വ്യക്തി അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കി ഹണി റോസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളില്‍ തന്റെ പേര് ഉപയോഗിക്കുന്നുവെന്നും ഹണി റോസ് പറഞ്ഞിരുന്നു. ചടങ്ങുകളില്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചത് ആ വ്യക്തി തന്നെ പിന്തുടര്‍ന്ന് അപമാനിക്കുകയാണ്. ഇത്തരം പുലമ്പലുകളെ അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ അതിനര്‍ത്ഥം പ്രതികരണശേഷി ഇല്ല എന്നല്ലെന്നും ഹണി പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തിയുടെ പേര് ഹണി പുറത്തുപറഞ്ഞിരുന്നില്ല.
ബോബി ചെമ്മണ്ണൂരാണ് ആ വ്യക്തി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞു. ഹണി റോസ് പങ്കുവെച്ച പോസ്റ്റിന് താഴെ പലരും അശ്ലീല കമന്റുമായി എത്തി. ഇതോടെ കമന്റിട്ട മുപ്പതോളം പേര്‍ക്കെതിരെ ഹണി പൊലീസില്‍ പരാതി നല്‍കി. ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തുനിന്ന് അപമാനിക്കുന്ന രീതിയില്‍ ഇടപെടലുകള്‍ തുടര്‍ന്നതോടെയാണ് ഹണി റോസ് നിയമനടപടി സ്വീകരിച്ചത്.
Content Highlights- honey rose filed complaint against boby chemmannur