
തിരുവനന്തപുരം: പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടിൽ അയവ് വരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വ്യക്തിപരമായ ഇഷ്ടാനുഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഉചിതമായ സമയത്ത് യുഡിഎഫ് നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരോപണ പ്രത്യാരോപണങ്ങള്‍ സ്വാഭാവികമാണ്. തനിക്കെതിരായി പി വി അന്‍വറിനെക്കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയനാണെന്നും വി ഡി സതീശന്‍ വിശദീകരിച്ചു. ആരോപണം ഉന്നയിപ്പിച്ചയാള്‍ക്കെതിരെ പിന്നീട് അന്‍വര്‍ രംഗത്തെത്തി. അതാണ് കാലത്തിന്റെ കാവ്യനീതിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തെ മുസ്ലീം ലീഗും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രമേശ് ചെന്നിത്തലയും സ്വാഗതം ചെയ്‌തെങ്കിലും വി ഡി സതീശന്‍ നിലപാട് കടുപ്പിച്ചിരുന്നു. വി ഡി സതീശന്‍ ഒരിക്കലും തന്നെ തള്ളിപറഞ്ഞിട്ടില്ലെന്ന് അന്‍വര്‍ പ്രതികരിച്ചിരുന്നു. ഒരുമിച്ച് നീങ്ങേണ്ടവരാണെന്ന് അദ്ദേഹത്തിനും തനിക്കും അറിയാം എന്നായിരുന്നു പ്രതികരണം.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശം നടത്തിയ അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കുന്നതില്‍ വി ഡി സതീശന്‍ അടക്കം പലനേതാക്കളും അതൃപ്തി പങ്കുവെച്ചിരുന്നു. പ്രതിപക്ഷ നേതാവിനെതിരെയും അന്‍വര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരെ നിരന്തരം സമരം പ്രഖ്യാപിക്കുകയും നിലവില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവാദം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്‍വറിനെ ഒപ്പം നിര്‍ത്തണമെന്ന അഭിപ്രായ യുഡിഎഫില്‍ രൂപപ്പെടുകയാണ്.
Content Highlights: Personal preferences are irrelevant VD Satheesan on Anvar's UDF entry