തിരുവനന്തപുരം: സിപിഐഎം വിട്ട് ബിജെപിയിലെത്തിയ മധു മുല്ലശേരിയെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും. സിപിഐഎം മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം തിരിച്ചു തന്നില്ലെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ മധു മുല്ലശേരി നല്‍കിയ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. മുന്‍ ഏരിയാ സെക്രട്ടറിയായ മധു മുല്ലശേരിയ്‌ക്കെതിരെ സിപിഐഎം മംഗലപുരം ഏരിയാ കമ്മിറ്റിയാണ് പരാതി നല്‍കിയത്.
ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കാണ് പുതിയ മംഗലപുരം ഏരിയാ കമ്മിറ്റി പരാതി നല്‍കിയത്. മൂന്നര ലക്ഷം രൂപ തിരികെ കിട്ടാനുണ്ടെന്നാണ് സിപിഐഎം പരാതി. അതേ സമയം തനിക്കാണ് പണം നല്‍കാനുള്ളതെന്നാണ് മധുവിന്റെ പ്രതികരണം. നേരത്തെ മധു മുല്ലശേരിയെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. പാളയം ഏരിയാ സമ്മേളനത്തിന്റെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധു മുല്ലശ്ശേരിയെ സെക്രട്ടി ആക്കിയത് പാര്‍ട്ടിയ്ക്ക് പറ്റിയ അബദ്ധം. നിശിത വിമര്‍ശനം നേരിട്ടപ്പോഴാണ് മധു സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. തെറ്റായ ഒന്നിനെയും വെച്ചേക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് എം വി ഗോവിന്ദന്‍ നടത്തിയത്. മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല നടത്തുന്നു. മാധ്യമങ്ങള്‍ക്ക് ഉളുപ്പ് ഇല്ല. മാധ്യമങ്ങള്‍ ആണ് പ്രതിപക്ഷം. വാര്‍ത്തകള്‍ ഉത്പാദിപ്പിക്കുന്നു. സ്റ്റേജ് കെട്ടുന്നതല്ല പ്രധാന പ്രശ്‌നം. എങ്ങനെ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാം എന്നാണ് മാധ്യമങ്ങള്‍ നോക്കുന്നത്. താന്‍ എന്തെങ്കിലും അബദ്ധം പറയുമോ എന്ന് നോക്കാനാണ് മാധ്യമങ്ങള്‍ ഇവിടെ നില്‍ക്കുന്നത്. സമ്മേളനത്തിന് ആവശ്യത്തിന് പ്രചാരണം മാധ്യമങ്ങള്‍ നല്‍കിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
എല്ലാറ്റിനും പോസിറ്റീവും നെഗറ്റീവും ഉണ്ടെന്ന് മാധ്യമങ്ങള്‍ക്ക് അറിയില്ല. ഇത്ര കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്ന വേറൊരു സ്ഥലവും മാധ്യമങ്ങളും ഭൂമിയില്‍ വേറെയില്ല. സതീശന്‍ എന്നൊക്കെ വെറുതെ പറയാമെന്നേയുള്ളൂ, പ്രതിപക്ഷം മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ തങ്ങള്‍ക്ക് എതിരാണ്. വരികള്‍ക്കിടയില്‍ വായിക്കാനുള്ള ശേഷി കൊണ്ടാണ് സിപിഐഎം ഇവിടെ നിലനില്‍ക്കുന്നത്. പാര്‍ട്ടി വിരുദ്ധ മേഖലയില്‍ മാധ്യമങ്ങള്‍ ശക്തമായി നില്‍ക്കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
Content Highlights: Police may arrest Madhu Mullaserry soon